നിപ വൈറസ്; ഭീതി വേണ്ട, പ്രതിരോധമാണ് പ്രധാനം

0

കഴിഞ്ഞവര്‍ഷമാണ് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിച്ച നിപ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നു തുടങ്ങിയത്.സംസ്ഥാനത്ത് നിപ വൈറസില്‍ ഇതുവരെ മരിച്ചത് 10 പേരാണ്. നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും പടരുമ്പോള്‍ നിപയെക്കുറിച്ച് അറിയേണ്ടതെല്ലാം.

നിപ വൈറസ്

ഹെനിപാ വൈറസ് ജീനസിലെ ഒരു ആര്‍എന്‍എ വൈറസ് ആണ് നിപ വൈറസ്. മലേഷ്യയിലെ കമ്പുങ്ങ് ഭാരുസംഗായി നിപ എന്ന പ്രദേശത്തെ ഒരു രോഗിയില്‍ നിന്ന് ആദ്യം വേര്‍തിരിച്ചെടുത്തതുകൊണ്ട് നിപ വൈറസ് എന്ന പേര് നല്‍കി. പാരാമിക്‌സോവൈറിഡേ ഫാമിലിയിലെ അംഗമാണ് നിപാ വൈറസ്. മൃഗങ്ങളേയും മനുഷ്യരേയും ബാധിക്കുന്ന മാരകമായ ഈ വൈറസ്, രോഗികളുടെ മരണത്തിന് വരെ കാരണമാകുന്നു.
വൈറസിനെ ആദ്യം കണ്ടെത്തിയത്
1998 ലാണ് ലോക ആരോഗ്യ സംഘടന ഈ വൈറസിനെ തിരിച്ചറിയുന്നത്. മലേഷ്യയിലും സിംഗപ്പൂരിലുമായിരുന്നു ഇതിനെ കണ്ടെത്തിയത്. ആദ്യം പന്നികളിലൂടെയാണ് ഇത് മനുഷ്യരിലേക്ക് എത്തിയത്. അന്ന് 265 ഓളം ആളുകളില്‍ വൈറസ് ബാധയുണ്ടായി. ഫ്രൂട്ട് വവ്വാലുകളും നിപ വൈറസ് പരത്തുമെന്ന് ലോകാര്യോക സംഘടന പറയുന്നു.

വൈറസ് പരക്കുന്ന വിധം

നിപ വൈറസ് വായുവിലൂടെ പരക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് ബാധിച്ച പക്ഷിമൃഗാദികള്‍, മനുഷ്യര്‍ എന്നിവരില്‍ നിന്നുമാണ് മറ്റു മനുഷ്യരിലേക്ക് രോഗം പകരുകയുള്ളു. ഫ്രൂട്ട് വവ്വാലുകള്‍ കടിച്ച പഴം കഴിക്കുന്നതിലൂടെയും രോഗം പകരും.

രോഗ ലക്ഷണം

അഞ്ച് മുതല്‍ 14 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പിരീഡ്. വൈറസ് അകത്ത് പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങാന്‍ ഇത്രയും സമയം വേണം. തലവേദന, പനി, തലകറക്കം, ഛര്‍ദ്ദി തുടങ്ങിയവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങള്‍. ഏഴ് മുതല്‍ പത്ത് ദിവസം വരെ ലക്ഷണങ്ങള്‍ കാണപ്പെടാം.

രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നുരണ്ട് ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

ആദ്യ ലക്ഷണങ്ങള്‍

തലവേദന
പനി
തലകറക്കം
ബോധക്ഷയം

ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം

പ്രതിരോധവും ചികിത്സയും

ഇതുവരെ നിപ വൈറസിനെ ചെറുക്കാന്‍ പ്രതിരോധ കുത്തിവെപ്പൊന്നും കണ്ടുപിടിച്ചിട്ടില്ല.

മുന്‍കരുതല്‍

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ലാത്തതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം, ഉമിനീര്‍ എന്നിവയിലൂടെ വൈറസ് പകര്‍ച്ച ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച കായ്ഫലങ്ങള്‍ ഒഴിവാക്കുക. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക.

വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവര്‍ കൈയ്യുറയും മാസ്‌ക്കും ധരിക്കണം. കൈ സോപ്പ് ഉപയോഗിച്ച് ഇടവെട്ട് കഴുകണം. രോഗിയുടെ വസ്ത്രങ്ങളും പ്രത്യേകം സൂക്ഷിക്കണം.

വൈറസ് ബാധിച്ച വ്യക്തി മരിച്ചാല്‍ മുഖത്തു ചുംബിക്കുക, കവിളില്‍ തൊടുക എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. മൃതദേഹത്തെ കുളിപ്പിക്കുന്ന സമയത്ത് കുളിപ്പിക്കുന്നവര്‍ മുഖം മറയ്ക്കണം. മൃതദേഹത്തെ കുളിപ്പിച്ചതിനു ശേഷം കുളിപ്പിച്ച വ്യക്തികള്‍ ദേഹം മുഴുവന്‍ സോപ്പ് തേച്ച് കുളിക്കേണ്ടതാണ്.മരണപ്പെട്ട വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, പാത്രങ്ങള്‍ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങള്‍ അണു നശീകരണം നടത്തണം.

- Advertisement -