ഒരുപാട് ഇഷ്ടം ടീച്ചര്‍ അമ്മ… ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ കുറിപ്പ് വൈറലാകുന്നു

0

ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്ക് സ്‌നേഹവും നന്ദിയും രേഖപ്പെടുത്തികൊണ്ടുള്ള ലിനിയുടെ ഭര്‍ത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ലിനിയുടെ മരണസമയത്തും തുടര്‍ന്നും ടീച്ചര്‍ നല്‍കിയ സ്‌നേഹവും കരുതലും പങ്കുവെച്ചുകൊണ്ടുള്ളതാണ് സജീഷിന്റെ കുറിപ്പ്. ഒരുപാട് ഇഷ്ടം ടീച്ചര്‍ അമ്മ എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നിപാ കാലത്ത തന്റെ മക്കള്‍ക്ക പനി വന്നപ്പോള്‍ ടീച്ചര്‍ നല്‍കിയ കരുതലിനെക്കുറിച്ചാണ് സജീഷ് പ്രധാനമായും പങ്കുവയ്ക്കുന്നത്. ഒപ്പം കഴിഞ്ഞദിവസം തന്റെ കുഞ്ഞനുജത്തിയുടെ രോഗവിവരത്തെക്കുറിച്ച് ഫേസ്ബുക്ക് മെസേജ്ജിലൂടെ ആരോഗ്യമന്ത്രിയെ അറിയിച്ച ജിയാസ് മടശ്ശേരി എന്ന ചെറുപ്പക്കാരന്റെ മെസ്സേജും അതിന് ആരോഗ്യമന്ത്രി നല്‍കിയ മറുപടിയും സജീഷ് ഒപ്പം ചേര്‍ത്തിട്ടുണ്ട്. ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നു പറഞ്ഞാണ് സജീഷ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരു പാട് ഇഷ്ടം K K Shailaja Teacher
ടീച്ചര്‍ അമ്മ….

നമ്മള്‍ ചിന്തിക്കുന്നതിനു മുന്‍പെ കാര്യങ്ങള്‍ മനസ്സിലാക്കാനും അത് നടപ്പിലാക്കാനും ഉളള ടീച്ചറുടെ മനസ്സും കഴിവും അഭിന്ദിക്കേണ്ടത് തന്നെ ആണ്.

നിപ കാലത്ത് റിതുലിനും സിദ്ധാര്‍ത്ഥിനും രാത്രി ഒരു ചെറിയ പനി വന്ന് ഞങ്ങള്‍ ഒക്കെ വളരെ പേടിയോടെ പകച്ചു നിന്നപ്പോള്‍ ടീച്ചറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസോലോഷന്‍ വാര്‍ഡിലേക്ക് മാറ്റുകയുണ്ടായി. രവിലെ ആകുമ്പോഴേക്കും അവരുടെ പനി മാറിയിരുന്നു. പക്ഷെ അന്നത്തെ സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഒക്കെ ലിനിയുടെ മക്കള്‍ക്കും നിപ ബാധിച്ചു എന്ന പേടിപ്പെടുത്തുന്ന വാര്‍ത്ത ആയിരുന്നു. ഈ ഒരു അവസരത്തില്‍ മക്കള്‍ക്ക് പനി മാറിയതിനാല്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് തരണമെന്ന് അവശ്യപ്പെട്ടു. അന്ന് എന്നെ ടീച്ചര്‍ വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും മറക്കില്ല

ടീച്ചറുടെ വാക്കുകള്‍ ‘ മോനെ, മക്കളുടെ പനി ഒക്കെ മാറിയിട്ടുണ്ട്. അവര്‍ വളരെ സന്തോഷത്തോടെ ഇവിടെ കളിക്കുകയാണ്. എന്നാലും നാലു ദിവസത്തെ ഒബ്‌സര്‍വേഷന്‍ കഴിഞ്ഞെ വിടാന്‍ കഴിയു. ലിനിയുടെ മക്കള്‍ ഞങ്ങളുടെയും മക്കളാണ്. അവര്‍ക്ക് ഇപ്പോ എവിടുന്ന് സംരക്ഷണം കിട്ടുന്നതിനെക്കാളും കരുതല്‍ ഞങ്ങള്‍ ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്’

ടീച്ചറുടെ ഈ സ്‌നേഹവും വാക്കും കരുതലും തന്നെയാണ് അന്ന് ഞങ്ങള്‍ക്ക് കരുത്ത് ആയി നിന്നത്.
ഇന്നും ആ അമ്മയുടെ സ്‌നേഹം ഞങ്ങളോടൊപ്പം ഉണ്ട്

- Advertisement -