പൂജയ്ക്കിടെ കാള ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല വിഴുങ്ങി; വീട്ടുകാർ ചാണകം നോക്കിയിരുന്നത് എട്ടുദിവസം

0

പൂജയ്ക്കിടെ കാള വിഴുങ്ങിയ താലിമാല വീണ്ടെടുക്കാൻ വീട്ടുകാർ ചാണകം നോക്കിയിരുന്നത് എട്ടുദിവസം. എന്നാൽ, എട്ടുദിവസത്തെയും കാത്തിരിപ്പ് വിഫലമായപ്പോൾ കാളയുമായി ഇവർ അടുത്തുള്ള മൃഗഡോക്ടറുടെ അടുത്തെത്തി.

മെറ്റൽ ഡിറ്റക്ടർ കൊണ്ട് നടത്തിയ പരിശോധനയിൽ കാളയുടെ വയറിനുള്ളിൽ താലിമാലയുണ്ടെന്ന് കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തി താലിമാല പുറത്തെടുക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ പ്രശസ്തമായ പോള ആഘോഷത്തിനിടെ ആയിരുന്നു വീട്ടുകാരെ വട്ടംകറക്കി കാള താലിമാല വിഴുങ്ങിയത്. പോള ആഘോഷത്തിന്‍റെ ഭാഗമായി വീട്ടിലുള്ള സ്വർണാഭരണങ്ങൾ ഒരു തട്ടിലാക്കി കാളയുടെ തലയിൽ തൊട്ട് അനുഗ്രഹം വാങ്ങും. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ റെയ്റ്റി വാഗപൂർ ഗ്രാമത്തി ലാണ് സംഭവം.

ഗ്രാമത്തിലെ കർഷകനായ ബാബുറാവു ഷിൻഡയും ഭാര്യയും പോള ആഘോഷങ്ങളിൽ പങ്കെടുത്ത് കൊണ്ടിരിക്കുമ്പോൾ കറണ്ട് പോയി. ആഘോഷങ്ങളുടെ ഭാഗമായി ഒന്നരലക്ഷം രൂപ വിലമതിക്കുന്ന താലിമാല കാളയെക്കൊണ്ട് തൊടുവിച്ച് അനുഗ്രഹം വാങ്ങുന്ന സമയത്ത് ആയിരുന്നു കറണ്ട് പോയത്.

മധുരച്ചപ്പാത്തി നിറച്ച പാത്രത്തിൽ മാലവെച്ച ശേഷം മെഴുകുതിരിയെടുക്കാൻ ഇവർ അടുക്കളയിലേക്ക് പോയി. എന്നാൽ, മെഴുകുതിരിയുമായി തിരികെ എത്തിയപ്പോഴേക്കും മധുരച്ചപ്പാത്തിയും താലിമാലയും കാള അകത്താക്കിയിരുന്നു.
തുടർന്ന്, ഇവരും ഭർത്താവും ചേർന്ന് കാളയുടെ വാ തുറന്ന് പരിശോധിച്ചെങ്കിലും താലിമാല ലഭിച്ചില്ല. അതിനുശേഷമാണ്, എട്ടു ദിവസം ചാണകം നിരീക്ഷിച്ചതും പിന്നീട് ഡോക്ടറുടെ അടുത്ത് കാളയെ എത്തിച്ചതും. ഒടുവിൽ ശസ്ത്രക്രിയ നടത്തി താലിമാല പുറത്തെടുത്തു.

- Advertisement -