പുരുഷശരീരത്തില്‍ തുന്നിച്ചേര്‍ത്ത സ്ത്രീയുടെ തല, മരവിപ്പിച്ച ജനനേന്ദ്രിയങ്ങള്‍, ബക്കറ്റുനിറയെ തലയും കൈകാലുകളും; ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

0

പുരുഷശരീരത്തില്‍ തുന്നിച്ചേര്‍ത്ത സ്ത്രീയുടെ തല, കൂളര്‍ നിറയെ മരവിപ്പിച്ചു സൂക്ഷിച്ച ജനനേന്ദ്രിയങ്ങള്‍, ബക്കറ്റുനിറയെ തലയും കൈകാലുകളും, കൂട്ടിയിട്ട നിലയില്‍ ശരീരഭാഗങ്ങള്‍, അമേരിക്കയിലെ അരിസോണയിലുള്ള അവയവദാനകേന്ദ്രത്തില്‍ കാണേണ്ടി വന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളെക്കുറിച്ച് എഫ്.ബി.ഐ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരണമാണ് ഇത്.

2755 ശരീരഭാഗങ്ങള്‍ ഇത്തരത്തില്‍ സെന്ററില്‍ കണ്ടെത്തിയതായാണ് എഫ്.ബി.ഐ റിപ്പോര്‍ട്ടിലുള്ളത്. മൃതദേഹങ്ങളില്‍ ചിലത് യു.എസ് സൈന്യത്തിന് ബോംബ് പരീക്ഷണത്തിനായി നല്‍കിയെന്ന വെളിപ്പെടുത്തല്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുഴിബോംബുകള്‍ മനുഷ്യശരീരത്തില്‍ എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിനായിരുന്നു ഇവ ഉപയോഗിച്ചത്.

യു.എസിലെ അരിസോണയിലുള്ള ബയോളജിക്കല്‍ റിസര്‍ച്ച് സെന്ററില്‍ ശരീരഭാഗങ്ങള്‍ അനധികൃതമായി വില്‍പ്പന നടത്തുന്നുവെന്ന് പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലെ കാഴ്ചകള്‍ മരവിപ്പിച്ചു കളഞ്ഞെന്നും ഇപ്പോഴും അതില്‍ നിന്നും മുക്തമായിട്ടില്ലെന്നുമാണ് പരിശോധന നടത്തിയ എഫ്.ബി.ഐ സംഘം കോടതിയില്‍ പറഞ്ഞത്.

ശാസ്ത്രീയപരീക്ഷണങ്ങള്‍ക്കും മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കണമെന്ന ഉറപ്പിന്മേല്‍ പല കുടുംബങ്ങളും വിട്ടുനല്‍കിയ മൃതദേഹങ്ങളുടെ അവസ്ഥയെക്കുറിച്ചാണ് എഫ്ബിഐ ഉദ്യോഗസ്ഥരുടെ വിവരണം. മൃതദേഹം കൈമാറിയവര്‍ വിശ്വാസവഞ്ചനയ്ക്ക് സെന്ററിന്റെ നടത്തിപ്പുകാരന്റെ പേരില്‍ കേസ് നല്‍കിയതിനെക്കുറിച്ചുള്ള വിവരണമാണ് പുറത്തു വന്നിരിക്കുന്നത്.

ഓരോ ശരീരഭാഗത്തിനും പ്രത്യേകം വിലയിട്ടാണ് വില്‍പ്പന നടത്തിയിരുന്നത്. ഒരു ഇറച്ചിക്കട പോലെ തോന്നിപ്പിക്കുന്ന അനുഭവമായിരുന്നു എന്നാണ് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഇതില്‍ നടക്കാനിരിക്കുന്ന വാദത്തിന് മുന്നോടിയായിട്ടാണ് കോടതി എഫ്.ബി.ഐ സംഘത്തിന്റെ മൊഴി രേഖപ്പെടുത്തിയത്. സംഘത്തില്‍ ഉണ്ടായിരുന്ന പലര്‍ക്കും ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട് ചികിത്സിക്കേണ്ടി വന്നതായും മൊഴിയില്‍ പറയുന്നുണ്ട്.

2014-ല്‍ നടന്ന പരിശോധനയെത്തുടര്‍ന്ന് ഇപ്പോള്‍ ബി.ആര്‍.സി അടച്ചിട്ടിരിക്കുകയാണ്. 2015-ലാണ് ബന്ധുക്കള്‍ സ്ഥാപനത്തിന്റെ പേരില്‍ കേസ് ഫയല്‍ചെയ്തിരുന്നത്. ഉടമ സ്റ്റീഫന്‍ ഗോറിനെ ഒരുവര്‍ഷം തടവിനും നാലുവര്‍ഷം നല്ലനടപ്പിനും ശിക്ഷിച്ചിട്ടുണ്ട്.

- Advertisement -