കര്‍ണാടക പ്രതിസന്ധി അതിരൂക്ഷമാകുന്നു. ഡി.കെ ശിവകുമാറിനെ ഹോട്ടലിലേയ്ക്കു പ്രവേശിപ്പിക്കാതെ പൊലീസും ബിജെപി പ്രവര്‍ത്തകരും

0

കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യ സര്‍ക്കാരിന്റെ നിലനില്‍പ് തുലാസിലായ കര്‍ണാടക രാഷ്ട്രീയം കൂടുതല്‍ കലുഷിതമാകുന്നു. രാജിവച്ച വിമത എം.എല്‍.എമാര്‍ താമസിക്കുന്ന മുംബയിലെ ഹോട്ടലിനു മുന്നില്‍ എത്തിയ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും തടഞ്ഞു.

എം.എല്‍.എമാരെ കാണാനാണ് അദ്ദേഹം മുംബൈയിലെത്തിയിരിക്കുന്നത്.
തങ്ങള്‍ക്ക് വധഭീഷണിയുണ്ടെന്ന വിമത എം.എല്‍.എമാരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. എന്നാല്‍ തന്റെ പക്കല്‍ ആയുധമില്ലെന്നും ഒരു ഹൃദയം മാത്രമേയുള്ളൂവെന്നും ഡി.കെ മുംബൈ പൊലീസിനോടു പറഞ്ഞു.

‘ഞാന്‍ ഈ ഹോട്ടലില്‍ ഒരു മുറി ബുക്ക് ചെയ്തിട്ടുണ്ട്. എം.എല്‍.എമാര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് വ്യക്തിപരമായ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ വേണ്ടിയാണ് ഞാനിവിടെ വന്നിരിക്കുന്നത്. ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. ഇന്നലെ ഇവിടെ ബി.ജെ.പി നേതാക്കള്‍ വന്നിട്ടുണ്ട്. എന്തുകൊണ്ട് എനിക്ക് മാത്രം അവരെ കണ്ടുകൂടാ?’ എന്നും ഡി.കെ ശിവകുമാര്‍ പൊലീസിനോടു ചോദിച്ചു.

13 കോണ്‍ഗ്രസ്, ദള്‍ എം.എല്‍.എമാര്‍ കൂട്ടരാജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച മുതല്‍ പത്തോളം വിമത എം.എല്‍.എമാരാണ് മുബൈയിലെ സോഫിടെല്‍ ഹോട്ടലില്‍ കഴിയുന്നത്. ചൊവ്വാഴ്ച ഗോവയിലേക്ക് എന്നു പറഞ്ഞ് ഹോട്ടലില്‍ നിന്നു പുറപ്പെട്ട വിമതര്‍ യാത്ര റദ്ദാക്കി മുംബൈയിലെ തന്നെ റിനൈസന്‍സ് ഹോട്ടലിലേക്കു മാറുകയായിരുന്നു.

- Advertisement -