പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവം; പ്രതിഷേധം ശക്തം

0

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി.

ഇതിനിടെ പ്രിയങ്ക രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. സോന്‍ഭദ്ര വെടിവയ്പ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം കുടുംബാഗങ്ങളെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ പൊലീസ് തടഞ്ഞത്. ഉത്തര്‍പ്രദേശിലെ നാരായണ്‍പൂരിലാണ് സംഭവം. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ പ്രിയങ്കയെയും സംഘത്തെയും കടത്തിവിടാനാകില്ലെന്നായിരുന്നു പൊലീസ് വാദം. ഇതോടെ പ്രിയങ്കയും അനുയായികളും റോഡില്‍ കുത്തിയിരുന്നു.

സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

വെടിവെയ്പില്‍ മരിച്ചവരുടെ ബന്ധുക്കളേയും പരിക്കേറ്റവരേയും കാണാനാണ് താന്‍ എത്തിയെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രിയങ്കയുടെ ശ്രമമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചത്. സോന്‍ഭദ്രയിലെ ഉംഭ ഗ്രാമത്തിലുണ്ടായ വെടിവെയ്പില്‍ 10 പേരാണ് മരിച്ചത്. 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -