അധ്യക്ഷ പ്രിയങ്കാ ഗാന്ധി തന്നെ?

0

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തന്നെ നിയമിതയായേക്കുമെന്ന് സൂചന. പ്രിയങ്കയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കുന്നതില്‍ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ ഇടപെടലാണ് ഒടുവില്‍ പുതിയ തീരുമാനത്തിന് സഹായകരമായതെന്ന് പറയുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്ന് ആരെയും പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് നേരത്തെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം അടുത്തിടെവരെ ആ നിലപാടില്‍ ഉറച്ചു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ രാഹുല്‍ രാജിവച്ച് ഒന്നരമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയാതെ വരികയും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും ഉയര്‍ന്നുവന്ന പേരുകളില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ശക്തമാകുകയും ചെയ്തതോടെ സോണിയാ ഗാന്ധി നേരിട്ട് പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന വികാരം ഏറെനാളായി കോണ്‍ഗ്രസില്‍ ശക്തമായിരുന്നു. നരേന്ദ്ര മോഡിയെ നേരിടാന്‍ പ്രിയങ്കയ്‌ക്കെ കഴിയൂ എന്ന വികാരമായിരുന്നു കോണ്‍ഗ്രസില്‍ പലരും ഉയര്‍ത്തിപ്പിടിച്ചത്.

പാര്‍ട്ടിക്ക് പുറത്ത് കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുതിര്‍ന്ന വ്യക്തികളുടെ പിന്തുണയും പ്രിയങ്കയെ അധ്യക്ഷയാക്കുന്നതിന് അനുകൂലമായുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

- Advertisement -