ഭീകരം; ഉത്തര കൊറിയയിലെ ശിക്ഷാ രീതികള്‍ പുറത്ത്; ദക്ഷിണ കൊറിയന്‍ ടിവി കണ്ടാലും പശുവിനെ മോഷ്ടിച്ചാലും വധശിക്ഷ; വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ ഉറ്റബന്ധുക്കളും ശിക്ഷയ്ക്ക് സാക്ഷികളാകണം

0

കഴിഞ്ഞ ദിവസം ഉത്തര കൊറിയയില്‍ സൈനിക ജനറലിനെ ഭരണാധികാരി കിം ജോങ് ഉന്‍ വധിച്ച വാര്‍ത്ത പുറത്തുവന്നിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെ വിചിത്രമായ രീതിയിലാണ് വധിച്ചത്. സൈനിക ജനറലിനെ വെട്ടി നുറുക്കി ബ്രിസീലില്‍ നിന്ന് കൊണ്ടുവന്ന പിരാന മല്‍സ്യങ്ങള്‍ക്ക് ഇട്ട് കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോഴിതാ പരസ്യ വധശിക്ഷ നടപ്പിലാക്കാന്‍ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ ഉപയോഗിച്ചു വരുന്ന 318 ശിക്ഷാ കേന്ദ്രങ്ങളെക്കുറിച്ചും മറ്റ് ശിക്ഷാരീതികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയിലെ സന്നദ്ധ സംഘടനയായ ‘ട്രാന്‍സിഷണല്‍ ജസ്റ്റിസ് വര്‍ക്ക് ഗ്രൂപ്പ്’ ആണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 610 ഉത്തര കൊറിയന്‍ വിമതരുമായി അഭിമുഖം നടത്തിയാണ് സംഘടന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നാല് വര്‍ഷം സമയമെടുത്താണ് ‘മാപ്പിങ് ദ ഫേയ്റ്റ് ഓഫ് ഡെഡ്’ എന്ന തലക്കെട്ടോടുകൂടി തയ്യാറാക്കിയ റിപ്പോര്‍ട്ട് സംഘടന പുറത്തിറക്കിയത്.
പശുവിനെ മോഷ്ടിച്ചത് മുതല്‍ ദക്ഷിണ കൊറിയന്‍ ടിവി കണ്ടു എന്നതുള്‍പ്പടെയുള്ള കുറ്റങ്ങള്‍ക്കാണ് വധശിക്ഷ നടപ്പിലാക്കിയത്. പുഴയോരം, ചന്ത, സ്‌കൂള്‍, കളിക്കളം എന്നിവിടങ്ങളിലാണ് പ്രധാനമായും പരസ്യവധശിക്ഷ നടത്താറുള്ളത്. ആയിരത്തിലധികം ആളുകള്‍ കണ്ടുനില്‍ക്കെയാണ് വധശിക്ഷ നടപ്പിലാക്കുക. ലേബര്‍ ക്യാമ്പ്, ജയില്‍ എന്നിവിടങ്ങളില്‍ വച്ചും പരസ്യവധശിക്ഷ നടത്താറുണ്ട്.
വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ കുട്ടികളെയടക്കം ഉറ്റബന്ധുക്കളെ പോലും ശിക്ഷ നടപ്പിലാക്കുന്നത് കാണാന്‍ നിര്‍ബന്ധിക്കാറുണ്ട്. ശിക്ഷയ്ക്കിരയാകുന്നരുടെ മൃതദേഹം വളരെ വിരളമായി മാത്രമേ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാറുള്ളു.
‘ഇത് നിങ്ങള്‍ക്കും സംഭവിക്കാം’ എന്ന മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് അധികൃതര്‍ വധശിക്ഷ നടപ്പിലാക്കുകയെന്നാണ് സാക്ഷികള്‍ പറയുന്നത്.

- Advertisement -