അടൂര്‍ ഗോപാലകൃഷ്ണനെതിരെയുള്ള ഭീഷണി അധികാരം കയ്യിലുണ്ടെന്നതിന്റെ അഹങ്കാരം; ശക്തമായ പ്രതികരണവുമായി പുകസ

0

അടൂര്‍ ഗോപാലകൃഷ്ണനെതിരെയുണ്ടായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ശക്തമായ പ്രതികരണവുമായി പുരോഗമന കലാസാഹിത്യ സംഘം. അധികാരം കയ്യിലുണ്ടെന്നതിന്റെ അഹങ്കാരത്തില്‍ കലയ്ക്കും സംസ്‌കാരത്തിനും നേരെ സംഘപരിവാര്‍ നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണ പരമ്പരയുടെ തുടര്‍ച്ചയാണ് അടൂര്‍ ഗോപാലകൃഷ്ണനെതിരെ ഉണ്ടായതെന്ന് പുരോഗമന കലാസാഹിത്യസംഘം വിലയിരുത്തി.

ലോകം ആദരിക്കുന്ന മഹാനായ കലാകാരനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. മലയാളികളുടെ അഭിമാനമായ അദ്ദേഹത്തിനു നേരെ ബിജെപി എന്ന രാഷ്ടീയ പാര്‍ടി ഭീഷണി മുഴക്കിയിരിക്കുന്നു.

അനുസരിച്ചില്ലെങ്കില്‍ ഈ ഭൂമി തന്നെ വിട്ടു പോകണമെന്നാണ് ഭീഷണി. അടൂരിനു നേരെയുണ്ടായ ഭീഷണിയില്‍ പുരോഗമന കലാസാഹിത്യ സംഘം ശക്തിയായി പ്രതിഷേധിക്കുന്നു. മലയാളത്തിന്റെ സര്‍ഗ്ഗചൈതന്യമായ അടൂരിനെതിരായ നീക്കത്തെ ഒരൊറ്റ മനസ്സായി നിന്നുകൊണ്ട് കേരളം ചെറുത്തു തോല്‍പ്പിക്കും.

രണ്ടാമതും അധികാരത്തില്‍ വന്നതിന്റെ അഹങ്കാരത്തില്‍ മനുവാദി ഭീകരര്‍ രാജ്യമെങ്ങും ദളിത് പിന്നാക്ക ജനതയേയും ന്യൂനപക്ഷ സാംസ്‌കാരിക വിഭാഗങ്ങളേയും ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളെ ആക്രമിക്കാന്‍ ശ്രീരാമനെയാണ് അവര്‍ ഇത്തവണ ഉപയോഗിക്കുന്നത്.

ആയിരക്കണക്കിന് ഭക്തജനങ്ങളുടെ ആരാധനാമൂര്‍ത്തിയാണ് രാമന്‍. വാത്മീകിയുടെ അനശ്വര കഥാപാത്രവുമാണ്. പാവപ്പെട്ട മനുഷ്യരെ തെരുവില്‍ ഭേദ്യം ചെയ്യുന്നതിന് ഒരു കൊടുവാളുപോലെ ഉപയോഗിക്കാച്ചെടുകയാണ് ഇന്ന് രാമന്റെ നാമം. ഇതുപോലെ ഒരു അവഹേളനം ശ്രീരാമനോടും ഭക്തരോടും വേറെ ചെയ്യാനില്ല.

വര്‍ഗ്ഗീയ രാഷ്ട്രീയക്കാരന് അധികാരത്തിലേറാനും അതു നിലനിര്‍ത്താനും വേണ്ടി ജനങ്ങളുടെ ആരാധനാമൂര്‍ത്തികളായ ഇതിഹാസനായകരുടെ നാമം ഉപയോഗിക്കപ്പെടുന്നതിനെ വിശ്വാസി സമൂഹം ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്.അടൂര്‍ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി.പരിവാര്‍ ഭീഷണിക്കെതിരെ കേരളത്തിലെങ്ങും സര്‍ഗ്ഗാത്മക പ്രതികരണങ്ങള്‍ ഉയര്‍ത്തണമെന്ന് മുഴുവന്‍ സാംസ്‌കാരിക പ്രവര്‍ത്തകരോടും സംഘം അഭ്യര്‍ത്ഥിക്കുന്നതായി പുകസ ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍ പ്രസ്താവനയില്‍ പറഞ്ഞു

- Advertisement -