പുത്തുമലയില്‍ ഉണ്ടായത് ഉരുള്‍പൊട്ടലല്ല, സോയില്‍ പൈപ്പിംങ് മൂലമുണ്ടായ ഭീകരമായ മണ്ണിടിച്ചില്‍

0

പുത്തുമലയില്‍ സംഭവിച്ചത് ഉരുള്‍പൊട്ടലല്ല അതിശക്തമായ മണ്ണിടിച്ചിലെന്ന് മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രദേശത്ത് നടന്ന മരംമുറിയും ഏലം കൃഷിക്കായി നടത്തിയ മണ്ണിളക്കലും മണ്ണിടിച്ചിലിന് കാരണമായി.

ദുരന്തമുണ്ടായ സ്ഥലത്ത് വിശദമായ പഠനം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഒന്‍പത് സ്ഥലങ്ങളിലുണ്ടായ മണ്ണിടിച്ചില്‍ ഒരുമിച്ചു താഴേക്കു കുത്തിയൊലിച്ച് 20 ഹെക്ടര്‍ ഭൂമിയാണ് ഒലിച്ചുപോയതെന്നും പഠനം വ്യക്തമാക്കുന്നു.

പുത്തുമലയിലെ മേല്‍മണ്ണിന് 1.5 മീറ്റര്‍ മാത്രമേ ആഴമുള്ളൂ. താഴെ ചെരിഞ്ഞു കിടക്കുന്ന വന്‍ പാറക്കെട്ടും. മേല്‍മണ്ണിനു 2.5 മീറ്റര്‍ എങ്കിലും ആഴമില്ലാത്ത മലമ്ബ്രദേശങ്ങളില്‍ വന്‍ പ്രകൃതി ദുരന്തങ്ങള്‍ക്കു സാധ്യത കൂടുതലാണ്. ചെറിയ ഇടവേളകളില്‍ രണ്ട് തവണ പുത്തുമലയ്ക്കുമേല്‍ മണ്ണിടിച്ചിറങ്ങി. അഞ്ച് ലക്ഷം ടണ്‍ മണ്ണാണ് ഒറ്റയടിക്കു പുത്തുമലയില്‍ വന്നുമൂടിയതെന്നും പഠനത്തില്‍ കണ്ടെത്തി.

ഒരാഴ്ചയോളം പുത്തുമലയില്‍ അതിതീവ്ര മഴ പെയ്തു. പാറക്കെട്ടുകള്‍ക്കും വന്‍ മരങ്ങള്‍ക്കുമൊപ്പം അഞ്ച് ലക്ഷം ഘന മീറ്റര്‍ വെള്ളവും കുത്തിയൊലിച്ചതോടെ ഒരു ഗ്രാമം തന്നെ ഇല്ലാതായി.

കൃഷിക്കായുള്ള മണ്ണിളക്കല്‍ കൂടി നടന്നതോടെ മണ്ണിന്റെ ജലാഗിരണ ശേഷി വര്‍ദ്ധിച്ചു. അതിതീവ്ര മഴ പെയ്യുക കൂടി ചെയ്തതോടെ പൈപ്പിംഗ് പ്രതിഭാസത്തിലുടെ മണ്ണ് പാറയില്‍ നിന്ന് വേര്‍പെട്ടു. പുത്തുമല മണ്ണിടിച്ചിലിനെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഭൂവിനിയോഗം പുനക്രമീകരിക്കണമെന്നും മണ്ണ് സംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

- Advertisement -