കനത്ത മഴ; ഏഴു പേരെ കാണാതായി; കൂടുതല്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട്

0

കേരളത്തില്‍ മഴ കനത്തതോടെ സംസ്ഥാനത്ത് കാണാതായവരുടെ എണ്ണം ഏഴായി. ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. പലസ്ഥലത്തും നദികള്‍ കര കവിഞ്ഞൊഴുകയാണ്.

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ നാലുപേരെ കാണാതായി. പുതിയതുറ സ്വദേശികളായ ലൂയിസ്, ബെന്നി, കൊച്ചുപള്ളി സ്വദേശികളായ ആന്റണി, യേശുദാസന്‍ എന്നിവരെയാണ് കാണാതായത്. ബുധനാഴ്ച വൈകീട്ട് മല്‍സ്യബന്ധനത്തിന് പോയ ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേത്യത്വത്തില്‍ തുടരുകയാണ്. കൊല്ലം നീണ്ടകരയില്‍ മത്സ്യബന്ധനത്തിന് പോയ വള്ളം കാറ്റില്‍പ്പെട്ട് മൂന്ന് പേരെ കാണാതായി. തമിഴ്‌നാട് നീരോടി സ്വദേശികളെയാണ് കാണാതായത്. കൊല്ലം ആലപ്പാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി.

പമ്പാനദിയിലടക്കം ജലനിരപ്പ് ഉയര്‍ന്നു. എറണാകുളം-കുട്ടമ്ബുഴ പഞ്ചായത്തിലെ പൂയംകുട്ടി പുഴക്ക് കുറുകെയുള്ള മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഇതുമൂലം ഉറിയംപെട്ടി, വെള്ളാരംകുത്ത് എന്നീ ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. പത്തനംതിട്ട അഴുതയിലെ മൂഴിക്കല്‍ ചപ്പാത്ത് മുങ്ങിയതിനാല്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീക്കോയി – വാഗമണ്‍ റൂട്ടില്‍ പല സ്ഥലത്തും മണ്ണിടിച്ചിലുണ്ടായി ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും താറുമാറായി.

മഴക്കെടുതി മൂലം കോഴിക്കോട് നല്ലളത്ത് 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കണ്ണൂര്‍ താഴെ തെരുവില്‍ 12 കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് കടന്തറപ്പുഴ കരകവിഞ്ഞ് ഒഴുകി. കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് നഗരവും വെള്ളത്തില്‍ മുങ്ങി.

അഞ്ച് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും നാളെ കാസര്‍ഗോഡ്, 21ന് കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും, 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 21ന് മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും 23ന് കണ്ണൂരിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

- Advertisement -