റൊണാള്‍ഡോയെ കാണിച്ച് വഞ്ചന; 2000 കൊറിയന്‍ ആരാധകര്‍ നഷ്ടപരിഹാരത്തിന്!

0

കൊറിയയില്‍ നടന്ന ഫുട്‌ബോള്‍ സൗഹൃദമത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കാതിരുന്നതില്‍ നിരാശരായ ആരാധകര്‍ നഷ്ടപരിഹാരത്തിനായി കോടതിയിയെ സമീപിച്ചു. താരം കളിക്കുമെന്ന ഉറപ്പില്‍ കളികാണാന്‍ കയറി വഞ്ചിക്കപ്പെട്ട 2000-ത്തോളം കൊറിയന്‍ ആരാധകരാണ് നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചത്.

ജൂലായ് മൂന്നിനാണ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന നടന്നത്. ആരാധകരുടെ ഇഷ്ടതാരം കളിക്കുമെന്ന ഉറപ്പിന്‍മേല്‍ 60,000-ത്തോളം കാണികളാണ് മത്സരത്തിനെത്തിയത്. രണ്ടരമണിക്കൂറിനുള്ളില്‍ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നിരുന്നു. കളി നടക്കുമ്പോള്‍തന്നെ രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ ഇറങ്ങുമെന്ന് സംഘാടകര്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ താരം മത്സരത്തിലിറങ്ങായാതോടെ സംഘാടകര്‍ വെട്ടിലായി.

വെള്ളിയാഴ്ചയായിരുന്നു കൊറിയയില്‍ യുവന്റസും കൊറിയന്‍ കെ ലീഗിലെ കളിക്കാര്‍ അടങ്ങുന്ന ഓള്‍ സ്റ്റാര്‍ ടീമും തമ്മില്‍ സൗഹൃദമത്സരം കളിച്ചിരുന്നത്. ഇതില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും താരം ഇറങ്ങിയില്ല. ഇതോടെയാണ് ആരാധകര്‍ ക്ഷുഭിതരായത്. കേസ് നടത്തിപ്പിനായി ഇവര്‍ നിയമ കമ്പനിയെ സമീപിച്ചു.

യുവന്റസ് വൈസ് ചെയര്‍മാന്‍ പവേല്‍ നെദ്വെദുമായി ഇവര്‍ ബന്ധപ്പെട്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ടിക്കറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് സംഘാടകര്‍.

- Advertisement -