യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

0

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ ഒരു എസ്എഫ്‌ഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. നേമം സ്വദേശി ഇജാബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ മുഖ്യപ്രതികളെ കുറിച്ച് പോലീസിന് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ഇവര്‍ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

സംഘര്‍ഷത്തില്‍ കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നീ ഏഴ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ ദൃക്‌സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു.

അതേസമയം കുത്തേറ്റ അഖിലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഞായറാഴ്ച പോലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റും പോലീസും മൊഴി രേഖപ്പെടുത്താന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും ഡോക്ടര്‍മാര്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ തന്നെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണെന്ന് അഖില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് വെളിപ്പെടുത്തിയിരുന്നു. ആറ്റുകാല്‍ എസ്എഫ്‌ഐ ലോക്കല്‍ കമ്മിറ്റി അംഗവും യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ഥിയുമാണ് ശിവരഞ്ജിത്ത്.

അഖിലിന് കുത്തേറ്റ സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ് ചൂണ്ടിക്കാട്ടി. സംഭവം കോളജ് അധികൃതര്‍ പോലീസിനെ അറിയിച്ചില്ല. പോലീസ് അഖിലിനെ ആശുപത്രിയിലെത്തിക്കാനും അധികൃതര്‍ ശ്രമിച്ചില്ല. പോലീസ് ക്യാമ്പസിലെത്തിയാണ് അഖിലിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കോളജില്‍ ഇത് വരെ ആന്റി റാഗിങ്ങ് കമ്മിറ്റി രൂപീകരിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.

വെള്ളിയാഴ്ച രാവിലെയാണ് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. കോളേജ് പരിസരത്തിരുന്ന് പാട്ടു പാടിയതിനെ തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അഖില്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികളെ ആക്രമിച്ചത്. തുടര്‍ന്നാണ് അഖിലിനെ ശിവരഞ്ജിത്ത് കുത്തിയത്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫും എബിവിപിയും സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ എഐഎസ്എഫ് യൂണിറ്റ് രൂപികരിച്ചെന്നും മാര്‍ച്ചിന് ശേഷം സംഘടനാ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി കൂട്ടായ്മ രംഗത്തുവന്നിരുന്നു.

- Advertisement -