ഷെയ്ന്‍ വോണിന് ബ്രിട്ടനില്‍ ഡ്രൈവിങ് വിലക്ക്

0

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് സൂപ്പര്‍താരം ഷെയ്ന്‍ വോണിന് അമിത വേഗതയില്‍ വാഹനമോടിച്ചതിന് ഡ്രൈവിങ് വിലക്ക്. ബ്രിട്ടീഷ് കോടതി ഒരു വര്‍ഷത്തേക്കാണ് വോണിനെ ഡ്രൈവിംഗില്‍ നിന്നും വിലക്കിയത്.

അമിത വേഗത്തിന് തുടര്‍ച്ചയായി പിടിക്കപ്പെട്ട സാഹചര്യത്തിലാണ് കോടതി ഡ്രൈവിങ്ങ് വിലക്ക് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ആറു തവണയാണ് ഓവര്‍ സ്പീഡിനെ തുടര്‍ന്ന് വോണ്‍ പിടിയിലായത്.

നേരത്തെ തന്നെ വോണിന് ലൈസന്‍സില്‍ 15 പെനാല്‍റ്റി പോയിന്റുകളുണ്ടായിരുന്നു. അഞ്ച് തവണ വേഗപരിധി ലംഘിച്ചതിനാണിത്. എന്നാല്‍ 2018 ഓഗസ്റ്റിലാണ് ഇപ്പോള്‍ കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ വാടക ജാഗ്വാറില്‍ ലണ്ടനിലൂടെ സഞ്ചരിക്കവെ 40 മൈല്‍ (മണിക്കൂറില്‍ 64 കിലോമീറ്റര്‍) വേഗ പരിധി ലംഘിച്ചെന്നതാണ് കേസ്. മണിക്കൂറില്‍ 47 മൈല്‍ വേഗതയിലാണ് വോണ്‍ പാഞ്ഞത്.

വോണ്‍ കുറ്റം കോടതിയില്‍ സമ്മതിച്ചിട്ടുമുണ്ട്. വിലക്കിനോടൊപ്പം 1,845 യൂറോ, ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ പിഴയും നല്‍കണം.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരില്‍ രണ്ടാമത്തെ താരമാണ് ഷെയിന്‍ വോണ്‍. 1992 മുതല്‍ 2007 വരെ നീണ്ടുനിന്ന കരിയറില്‍ 708 വിക്കറ്റുകളാണ് വോണ്‍ എറിഞ്ഞിട്ടത്. ഇപ്പോള്‍ അന്‍പതുകാരനായ വോണ്‍ ലണ്ടനിലെ സ്ഥിരതാമസക്കാരനാണ്.

- Advertisement -