സിനിമയില്‍ നിന്നു പുകവലി-മദ്യപാന രംഗങ്ങള്‍ ഒഴിവാക്കിയാല്‍ ഭക്തിപ്പടങ്ങല്‍ മാത്രം എടുക്കേണ്ടിവരും; ബിജു മേനോന്‍

0

സിനിമകളില്‍ നിന്നു മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് നടന്‍ ബിജു മേനോന്‍.

കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സിനിമകളില്‍ നിന്ന് മദ്യപാനവും പുകവലിയുമുള്ള രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശ നടപ്പാക്കിയാല്‍ ഭക്തിപ്പടങ്ങള്‍ മാത്രം എടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ? എന്ന സിനിമയുടെ പ്രവര്‍ത്തകരുമായി പ്രസ് ക്ലബ് നടത്തിയ മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ബിജു മേനോന്‍.
ഈ സിനിമയിലെ സുനി എന്ന കഥാപാത്രവും ജീവിതത്തിലെ ബിജുമേനോന്‍ എന്ന കുടുംബനാഥനും വ്യത്യസ്തരാണെന്നും. സിനിമയില്‍ കുടുംബത്തോട് ഉത്തരവാദിത്തമില്ലാതെ നടക്കുന്ന സുനിയല്ല, ജീവിതത്തില്‍ സ്വന്തം കുടുംബത്തോടു നല്ല ഉത്തരവാദിത്വമുള്ളയാളാണു താനെന്നും ബിജു മേനോന്‍ പറഞ്ഞു. വാണിജ്യ വിജയം നേടുന്ന സിനിമകളുടെ ഭാഗമാകാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടന്നും ബിജു മേനോന്‍ കൂട്ടി ചേര്‍ത്തു.

മലയാളിയുടെ ജീവിതത്തോട് ഏറെ അടുത്തു നില്‍ക്കുന്ന പ്രമേയം റിയലിസ്റ്റിക് ആയി അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഈ സിനിമ നല്‍കുന്ന സന്തോഷം. സിനിമയെ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ സന്തോഷമുണ്ടെന്നും ബിജു മേനോന്‍ പറഞ്ഞു. സിനിമയുടെ പേര് വിജയഘടകത്തില്‍ പ്രാധാന്യമുള്ളതാണ്. ഈ പേരായിരുന്നില്ല ആദ്യം ഉദ്ദേശിച്ചിരുന്നത്. സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്ന വേളയില്‍ നിര്‍മാതാവ് സന്ദീപ് സേനനാണ് ഈ പേര് നിര്‍ദേശിച്ചത്. കേട്ടപ്പോള്‍ തന്നെ പേര് ഇഷ്ടമായെന്നും അതുതന്നെ മതിയെന്നു തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

സംവേദനം നടത്തുന്ന ആശയം പ്രേക്ഷകരിലേക്ക് എത്തിക്കുകയെന്നതാണു കഥാകൃത്തിന്റെ ദൗത്യം. ഈ സിനിമയിലും അതു ഫലപ്രദമായി എന്നാണു കരുതുന്നതെന്നും സജീവ് പാഴൂര്‍ വ്യക്തമാക്കി.

- Advertisement -