മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി സ്വരൂപിച്ച തുക ദുരിതാശ്വാസ നിധിയിലേയ്ക്ക്: അനസിന് സര്‍ക്കാരിന്റെ കൈത്താങ്ങ്

0


മകന്റെ കാന്‍സര്‍ ചികിത്സയ്ക്കായി കരുതിവച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിവച്ച അനസിന് സര്‍ക്കാരിന്റെ കൈത്താങ്ങ്. കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്താനാവശ്യമായ നടപടി സ്വീകരിക്കുമെന്നും,അനസുമായി ഫോണില്‍ സംസാരിച്ചെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫേസ്ബുക്കിലൂടെ അറിയിച്ചു.

തന്റെ വിഷമത്തേക്കാള്‍ വലുത് അന്യന്റെ ദുരിതമാണെന്ന വികാരമാണ് അനസിനെ ഇങ്ങനൊരു പ്രവൃത്തിയിലേക്ക് നയിച്ചിട്ടുണ്ടാവുകയെന്ന് ടീച്ചര്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അനസുമായി ഫോണില്‍ സംസാരിച്ചതായും ടീച്ചര്‍ വ്യക്തമാക്കി.

ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

‘വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആര്‍.സി.സിയില്‍യില്‍ അഡ്മിറ്റാവുകയാണ്. സാമ്ബത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും, പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി രണ്ട് പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു’വെന്ന് അനസ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരുന്നു.അതിന് തൊട്ടുപിന്നാലെയാണ് അനസിന്റെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ആറിയിച്ചത്.

- Advertisement -