കാമുകിയ്ക്ക് വേണ്ടി പ്രൊഫഷണല്‍ ഫുട്‌ബോള്‍ വേണ്ടന്നു വെച്ച എവര്‍ട്ടനെ അറിയുമോ?

0

കോപ്പ ഫൈനലില്‍ ആറു വാര അകലെ നിന്ന് പെറുവിന്റെ പോസ്റ്റിലേയ്ക്ക് ഗോള്‍ പായിച്ച ബ്രസീലിന്റെ പുതിയ സൂപ്പര്‍ ഹീറോയാണ് എവര്‍ട്ടണ്‍ സോസ സോറസ്. പുറമേ നാണം കുണുങ്ങിയും മൗനിയും അന്തര്‍മുഖനുമൊക്കെയാണെങ്കിലും കളത്തിലിറങ്ങിയാല്‍ ഏത് പ്രതിരോധത്തെയും തകര്‍ക്കാന്‍ കരുത്തുള്ള കൗശലക്കാരനാണ് എവര്‍ട്ടണ്‍. കലാശപ്പോരില്‍ പതിനഞ്ചാം മിനിറ്റില്‍ പെറുവിന്റെ വലയിലേക്ക് പായിച്ച ഗോളിനുശേഷം എവര്‍ട്ടന്റെ ജാതകം മാറിയിരിക്കുകയാണ്. 30 ദശലക്ഷം യൂറോയുമായാണ് മാഞ്ചസ്റ്റര്‍ സിറ്റി ഈ സൂപ്പര്‍ ഹീറോയ്ക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നത്. തീര്‍ന്നില്ല, യുണൈറ്റഡും ബറൂസ്യയും മിലാനും ബയറണ്‍ മ്യൂണിക്കുമെല്ലാം എവര്‍ട്ടനുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്.


പക്ഷെ, വര്‍ഷങ്ങള്‍ അല്‍പ്പം പിന്നോട്ട് പോയാല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ വേണ്ടന്നുവെച്ച ഒരു കാലം കൂടിയുണ്ട് എവര്‍ട്ടന്റെ ജീവിതത്തില്‍. സ്വപ്‌നം വാതില്‍ക്കല്‍ വന്ന് മുട്ടിവിളിച്ചപ്പോള്‍ എവര്‍ട്ടണ്‍ അത് വേണ്ടന്നു വയ്ക്കാന്‍ കാരണം തന്റെ കാമുകിയെ പിരിയാന്‍ പറ്റില്ല എന്നതായിരുന്നു.
2012 ല്‍ ഫോര്‍ട്ടലെസയുടെ അണ്ടര്‍ 17 ടീമിനുവേണ്ടി കളിയ്ക്കുന്ന കാലത്തായിരുന്നു ഗ്രെമിയോയില്‍ നിന്നും എവര്‍ട്ടനെ തേടി ആ ഓഫര്‍ വന്നത്. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എവര്‍ട്ടണ്‍ നോ പറഞ്ഞു. കാരണം തിരക്കിയ കോച്ച് യോര്‍ഗെ വെറാസിനോട് അവന്‍ പറഞ്ഞു; എനിയ്ക്ക് അവളെ പിരിഞ്ഞിരിയ്ക്കാന്‍ കഴിയില്ല.
പിന്നീട് ഏറെ പണിപ്പെടേണ്ടിവന്നു വെറാസിന് എവര്‍ട്ടന്റെ മനസ്സുമാറ്റാന്‍. അദ്ദേഹം എവര്‍ട്ടനോട് പറഞ്ഞു: കാമുകി എത്രനാള്‍ വേണമെങ്കിലും കാത്തിരിക്കും.പക്ഷെ ക്ലബ്ബ് അങ്ങനെയല്ല. നീയില്ലെങ്കില്‍ അവര്‍ വേറെ ആളെയെടുക്കും അവന്‍ കളിച്ച് കാശുകാരനാകും. പിന്നെ നിനക്ക് അതോര്‍ത്ത് ദു:ഖിക്കേണ്ടിവരും. നിന്നെ കാത്തിരിക്കാന്‍ നിന്റെ കാമുകിയ്ക്ക് മനസ്സില്ലെങ്കില്‍ അവള്‍ പോട്ടെ. നിനക്ക് നല്ല ഇറ്റാലിയന്‍ അല്ലെങ്കില്‍ ജര്‍മ്മന്‍ സുന്ദരിയെ കിട്ടും.
കളിയും കാര്യവുമായി തന്റെ കോച്ച് നല്‍കിയ ഉപദേശം ഒടുവില്‍ എവര്‍ട്ടന്‍ ചെവിക്കൊണ്ടു. കാമുകിയോട് കാത്തിരിക്കാന്‍ പറഞ്ഞ് അവന്‍ പറന്നു, പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ ലോകത്തേയ്ക്ക്.
ആറുകൊല്ലം കൊണ്ട് ഫുട്‌ബോള്‍ ലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ഈ 23 കാരന് കഴിഞ്ഞു. ഇന്ന് ബ്രസീലിയന്‍ ഫുട്‌ബോളിലെ സെന്‍സേഷനാണ് സെബൊലിന്യ എന്ന് കൂട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ബ്രസീലിന്റെ പത്തൊമ്പതാം നമ്പര്‍ സ്‌ട്രൈക്കര്‍ എവര്‍ട്ടണ്‍ സോസ സൊറസ്.

- Advertisement -