ജനാധിപത്യപ്രക്ഷോപകരെ ക്രൂര ബലാത്സംഗം ചെയ്ത് സുഡാന്‍ സൈന്യം

0

സുഡാന്‍ തലസ്ഥാനം ഖാര്‍ത്തൂമില്‍ പ്രക്ഷോഭകരെ നേരിടാനെത്തിയ സൈന്യം എഴുപതിലേറെ പേരെ ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട്. ഖാര്‍ത്തൂമിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ച പുരുഷന്മാരടക്കമുള്ള എഴുപതിലേറെ പേര്‍ ബലാത്സംഗം ചെയ്യപ്പെട്ടതായി ഡോക്ടര്‍മാരുടെ സെന്‍ട്രല്‍ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

സുഡാന്‍ സൈന്യം നടത്തുന്ന ലൈംഗികാതിക്രമങ്ങളുടെ വ്യാപ്തി ഇതുവരെ കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ബലാത്സംഗത്തിനിരയായവരെല്ലാം ആശുപത്രിയിലെത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ഇരകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ആശങ്കയുയരുന്നതായാണ് റിപ്പോര്‍ട്ട്. സുഡാനില്‍ ആശയവിനിമയത്തിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതാണ് സൈന്യം നടത്തുന്ന ക്രൂരതകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാതിരിക്കാനുള്ള പ്രധാനകാരണം.

സമരക്കാര്‍ക്കു നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ 108 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബലാത്സംഗം സംബന്ധിച്ച വിവരങ്ങളും പുറത്ത് വരുന്നത്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇടക്കാല സൈനിക ഭരണത്തിനെതിരെ ഇവിടെ സമരം നടക്കുന്നത്.

സൈന്യം വ്യാപകമായി ലൈംഗികാതിക്രമം നടത്തിയെന്ന റിപ്പോര്‍ട്ട് വിവിധ മനുഷ്യാവകാശ സംഘടനകളും ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വലിയ രീതിയിലുള്ള അറസ്റ്റും ഭീഷണിയും നിലനില്‍കെ തന്നെ സുഡാനിലെ ദേശവ്യാപക നിയമലംഘന സമരം തുടരുകയാണ്.

- Advertisement -