മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണം; പുനപരിശോധന ഹര്‍ജിയും തള്ളി

0

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരായി സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. നാല് ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ പുനപരിശോധനാഹര്‍ജികളാണ് തള്ളിയത്.

തീരദേശ നിയമം ലംഘിച്ച ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിംഗ്, കായലോരം അപ്പാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകള്‍ ഒരു മാസത്തിനുള്ളില്‍ പൊളിക്കാന്‍ മേയ് എട്ടിനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്. പൊളിച്ച് നീക്കാനുള്ള കാലാവധി നീട്ടണമെന്ന ഫ്‌ളാറ്റുടമകളുടെ ആവശ്യം അരുണ്‍മിശ്രയുടെ ബെഞ്ച് തന്നെ മേയ് 22ന് തള്ളിയിരുന്നു.

2006ല്‍ മരട് പഞ്ചായത്തായിരിക്കെ സി.ആര്‍ സോണ്‍ 3 ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവില്‍ അപ്പാര്‍ട്ട്‌മെന്റുകളുള്ള സ്ഥലം സി.ആര്‍ സോണ്‍ 2 ലാണെന്നും ഇവിടത്തെ നിര്‍മ്മാണങ്ങള്‍ക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമായിരുന്നു കെട്ടിട ഉടമകളുടെ വാദം. നിര്‍മ്മാണ അനുമതി ലഭിക്കുമ്പോള്‍ സ്ഥലം സി.ആര്‍ 3 ല്‍ ആയിരുന്നതിനാല്‍ അനുമതി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

- Advertisement -