‘അതുക്കും മീതെ ‘ഞങ്ങള്‍ വരും. നിങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുംതോറും’;യുഎന്‍എ കേസ് അട്ടിമറിക്കുകയാണെന്നാരോപിച്ച് ജാസ്മിന്‍ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്

0

നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ ഭാരവാഹികള്‍ക്കെതിരെ ഉയര്‍ന്ന സാമ്പത്തിക അഴിമതി ആരോപണം അടിസ്ഥാന രഹിതമാണെന്ന ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സംഘടനാ പ്രസിഡന്റ് ജാസ്മിന്‍ ഷാ.
പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. നീക്കത്തിന് പിന്നില്‍ മുന്‍ മന്ത്രിയും ചില ആശുപത്രി മുതലാളിമാരും മാധ്യമങ്ങളും യുവജന സംഘടന പ്രതിനിധികളും സംഘടനയ്ക്കുള്ളിലുണ്ടായിരുന്ന വര്‍ഗ വഞ്ചകരുമാണെന്നും ജാസ്മിന്‍ ഷാ കുറ്റപ്പെടുത്തി.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയരെ,

മാസങ്ങള്‍ നീണ്ട ഗൂഢാലോചനയുടെയും ആസൂത്രണത്തിന്റെയും ഭാഗമായിരുന്നു യു എന്‍ എ ക്കും എനിക്കുമെതിരെ ഒന്നര മാസം മുന്‍പ് പരാതികളും മാധ്യമ വാര്‍ത്തകളും അതിനു പിന്നാലെ ക്രൈം ബ്രാഞ്ച് അന്വേഷണ ഉത്തരവ് ഇറങ്ങിയതും .
പെട്ടെന്നുണ്ടായ സംഘടനാ പ്രശനങ്ങളുടെ ഭാഗമായി പൊട്ടി പുറപ്പെട്ട വിവാദങ്ങള്‍ എന്ന് തോന്നിപ്പിക്കുമെങ്കിലും അതിന് പിന്നില്‍ കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നു. അണിയറയിലും അരങ്ങത്തുമായി ഒട്ടനവധി പേര്‍ അണി നിരന്ന നല്ല സ്‌ക്രിപ്റ്റുമായി തന്നെ ആയിരുന്നു ആ നാടകങ്ങള്‍ വെളിച്ചം കണ്ടത് .

മുന്‍ മന്ത്രി അടക്കമുള്ള രാഷ്ട്രീയ തൊഴിലാളി—യുവജന നേതാക്കള്‍ ,ചില മാധ്യമ പ്രവര്‍ത്തകര്‍ (പ്രത്രേകിച്ച് 2 ദ്യശ്യ മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍) ,ആശുപത്രി മുതലാളിമാര്‍, പി ആര്‍ ഏജന്റ്‌സ് ,പ്രൈവറ്റ് ഡിറ്റക്ടീവ്‌സ് ,ഉദ്യോഗസ്ഥര്‍ ,ചില നേഴ്‌സിങ് സുഹൃത്തുക്കള്‍, കടലാസ് നേഴ്‌സിംഗ് സംഘടനകള്‍, അങ്ങനെ അത്യാവശ്യം ഒരു ബിഗ് ബജറ്റ് സംരംഭം ..
മുന്‍ കൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റ് പ്രകാരം അന്വേഷണം നടക്കുമെന്നാണ് അവരെ പോലെ തന്നെ ഞങ്ങളും ആദ്യം കരുതിയത് .പക്ഷെ സര്‍ക്കാരിന് വളരെ അഭിമതര്‍ ആവുമ്പോഴും തൃശൂര്‍ ക്രൈംബ്രാഞ്ച് എസ് പി സുദര്‍ശന്‍ സാറിന്റെ നേതൃത്വത്തിലുള്ള വളരെ സത്യസന്ധരായ ഉദ്യോഗസ്ഥര്‍ ആയിരുന്നു അന്വേഷണത്തിന് ചുമതല ഉണ്ടായിരുന്നത് .അവിടെയാണ് ഗൂഡാലോചനാ സംഘത്തിന്റെ പ്ലാനിങ്ങില്‍ ചില പാളിച്ചകള്‍ പറ്റിയത് എന്ന് ഞങ്ങള്‍ കരുതുന്നു.
വളരെ സമഗ്രമായ ക്രൈം ബ്രാഞ്ച് അന്വേഷണം ,ഓരോ രേഖയും പരിശോധിച്ച് തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ യു എന്‍ എ യ്‌ക്കെതിരെ ആരോപിക്കപ്പെട്ട ആക്ഷേപങ്ങള്‍ ,പരാതികള്‍ എന്നിവയില്‍ ഒന്നും കഴമ്പില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് .

ഞാന്‍ മനസ്സിലാക്കുന്നത് ദിലീപ് കേസ് അടക്കമുള്ള പ്രമാദമായ കേസുകള്‍ അന്വേഷിച്ചത് സുദര്‍ശന്‍ സാറിന്റെ നേതൃത്വത്തില്‍ ഉള്ള അന്വേഷണ സംഘമാണ് എന്നാണ് .ഇപ്പോള്‍ ഈ ടീമിനെ മാറ്റി തിരുവനന്തപുരത്തെ മറ്റൊരു ക്രൈംബ്രാഞ്ച് അന്വേഷണ യൂണിറ്റിലേക്ക് അന്വേഷണം മാറ്റി ഉത്തരവ് വന്നിരിക്കുകയാണ്. ‘വിടില്ല ഞങ്ങള്‍ ‘ എന്ന് പ്രഖ്യാപിച്ചവര്‍
അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതങ്ങളായ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തി എന്ന് സംശയിക്കതക്ക വിധത്തില്‍ തന്നെയാണ് കാര്യങ്ങള്‍ പോകുന്നത്. സംശയവും ആശങ്കയും ജനിപ്പിക്കുന്ന തരത്തില്‍ ആണ് രണ്ടു മാസത്തിനകം മൂന്നാമത്തെ ടീമിലേക്ക് അന്വേഷണ ചുമതല സര്‍ക്കാര്‍ കൈമാറുന്നത് .ഇതിനെതിരെ ബഹുമാനപ്പെട്ട ഹൈ കോടതിയെ സമീപിച്ചിരിക്കുകയാണ് ഞങ്ങളിപ്പോള്‍. അറിയാന്‍ കഴിഞ്ഞിടത്തോളം യു എന്‍ എ ക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന്റെ മേശപ്പുറത് ഇരിക്കുമ്പോഴും ‘കണ്ണടച്ച് ഇരുട്ടാക്കി ‘ഞാന്‍ ഒന്നുമറിഞ്ഞില്ലേ രാമ നാരായണ എന്ന ഭാവത്തില്‍ വ്യാജ വാര്‍ത്താ നിര്‍മിതിയില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയാണ് മാതൃഭൂമിയുടെ റിപ്പോര്‍ട്ടര്‍.ഈ ക്വട്ടേഷന്‍ റിപ്പോര്‍ട്ടിങ്ങിനെതിരെ മാന നഷ്ടത്തിന് കോടതിയെ സമീപിക്കാന്‍ ആണ് ഞങ്ങളുടെ തീരുമാനം .
കോടതിയിലെ ജഡ്ജിയാണോ ,മാധ്യമ സ്റ്റുഡിയോകളിലെ ജഡ്ജിമാരാണോ ശെരിക്കും വിധി കര്‍ത്താക്കള്‍ എന്നറിയണ്ടേ ?

ഞങ്ങള്‍ക്കറിയാം ഇപ്പോഴും ഇവര്‍ ചികയുന്നുണ്ട് .അന്വേഷണ കണ്ണടകളുമായി എന്റെയും യു എന്‍ എ യുടെയും പിന്നില്‍ ഉണ്ട് ഈ മഹാന്മാര്‍. ഞാന്‍ പഠിച്ച കോളേജ്, യൂണിവേഴ്‌സിറ്റി, നാട്, വീട് ,കുടുംബം, കൂട്ടുകാര്‍ എല്ലായിടത്തും ഭൂത കണ്ണാടിയുമായി ഇവര്‍ വന്നു പോകുന്നുണ്ട്.
ഇത് ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആയതിനാല്‍ യുവജന സംഘടനാ നായകനും ഈ യു എന്‍ എ വിരുദ്ധ ജാസ്മിന്‍ഷാ വിരുദ്ധ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയുണ്ട്. ഞാന്‍ വീണ്ടും പറയുന്നു ഞാന്‍ തകര്‍ന്നാല്‍
യു എന്‍ എ തകര്‍ന്നുവെന്നും സംഘടനാ കൈപ്പിടിയില്‍ ആക്കാമെന്നും ഉള്ള നിങ്ങളുടെ അജണ്ട അതിമോഹം മാത്രമാണ് .

പഴയ യു എന്‍ എ അല്ല ഇത് ,ഒരു ജാസ്മിന്‍ഷാ പോയാല്‍ ഒരു നൂറ് ജാസ്മിന്‍ഷാ ഉണ്ട് .ഈ സംഘടനാ കൂടുതല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും. (ഒറ്റുകാരെയും വര്‍ഗ്ഗ വഞ്ചകരെയും ഒഴിവാക്കി കൊണ്ട് തന്നെ )..
ഞങ്ങളെ നിങ്ങള്‍ക്ക് കയ്യാമം വെക്കാന്‍ ആയേക്കാം ,ജയിലുകളില്‍ തള്ളാനായേക്കാം .അധികാരവും തെളിവുകളും നിങ്ങള്‍ ഉണ്ടാക്കുന്നതാണ്. പക്ഷെ എല്ലാ മൂടിയ ഫയലുകളും ഞങ്ങളും കൊണ്ട് വരും .എല്ലാ പാറയും വീണ്ടും കുഴിക്കപ്പെടും .ഒരു തെളിവും ആര്‍ക്കും എല്ലാ കാലത്തേക്കും ഇല്ലാതാക്കാനാകില്ല ..

ഇതൊരു മാറ്റത്തിന്റെ തുടക്കമാണ് .ഞങ്ങള്‍ ആം ആദ്മിയെ പോലെ വളരുമെന്നും സ്വതന്ത്ര അരാജക സംഘടനയാവും എന്നാണ് നിങ്ങളുടെ ആശങ്കയെങ്കില്‍ അത് സത്യമാണ് .ആം ആദ്മിയായല്ല സിനിമ ഡയലോഗ് കടമെടുക്കുകയാണെങ്കില്‍ ‘അതുക്കും മീതെ ‘ഞങ്ങള്‍ വരും. നിങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുംതോറും ,ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുംതോറും ചിതറി നിന്നവരെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ട് വന്ന് പ്രതിരോധത്തിന്റെ മഹാ മതിലുകള്‍ ഞങ്ങളും തീര്‍ക്കും .ഭാവി ഞങ്ങളുടേത് കൂടിയാണ് .നാളെ ഞങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. നിങ്ങളുടെ പെട്ടിയില്‍ അടക്കം ചെയ്യാവുന്ന വലുപ്പമല്ല ഇന്ന് ഞങ്ങള്‍ക്കുള്ളത് .അഭിമാനത്തോടെ പറയാനാകും നിരവധി സംസ്ഥാനങ്ങള്‍ ,പല രാജ്യങ്ങള്‍ അവിടെയെല്ലാം ഞങ്ങളുണ്ട് .
ഈ ഗൂഡാലോചന സംഘത്തിന്റെ വലിപ്പവും ആള്‍ബലവും അധികാരവും സമ്പത്തും സ്വാധീനവും എല്ലാം അറിഞ്ഞു കൊണ്ട് തന്നെയാണ് ഞങ്ങള്‍ ഈ യുദ്ധത്തില്‍ അണി നിരക്കുന്നത്. അധികം വൈകാതെ ഈ സ്‌ക്രിപ്റ്റിന് പിന്നിലെ എല്ലാ പേരുകളും പൊതുജന മധ്യത്തില്‍ ഞങ്ങള്‍ വിളിച്ചു പറയും.

മാധ്യമ പ്രവര്‍ത്തകരോട് ,
എല്ലാവരോടുമല്ലട്ടോ ഞങ്ങളെ സ്‌നേഹിക്കുന്ന ,കേള്‍ക്കുന്ന ,അറിയുന്ന എല്ലാ മാധ്യമങ്ങളോടും മാധ്യമ പ്രവര്‍ത്തകരോടും ഉള്ള ബഹുമാനവും സ്‌നേഹവും സൂക്ഷിച്ചു കൊണ്ട് തന്നെ പറയട്ടെ (അവര്‍ ക്ഷമിക്കുക)
വേണ്ടി വന്നാല്‍ ഞങ്ങളും തുടങ്ങും നിങ്ങള്‍ക്കിടയിലെ ചതിയന്മാരുടെ നെറി കേടും അഴിമതിയും അവിശുദ്ധ കൂട്ടുകെട്ടുകളും വിളിച്ചു പറയാന്‍ ഒരു മാധ്യമം …
അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും അഹങ്കാരത്തില്‍ അഭിരമിക്കുന്ന ചില രാഷ്ട്രീയ തമ്പുരാക്കന്മാരോടും ഒരു മുന്നറിയിപ്പ് തരാനുണ്ട്. നിങ്ങളുടെ അധികാരമാണ് ഞങ്ങളെ ഇല്ലാതാക്കുന്നതെങ്കില്‍ ആ രാഷ്ട്രീയ അധികാരത്തിന് വേണ്ടി മത്സരിക്കാന്‍ ഞങ്ങളും ഉണ്ടാവും. ഞങ്ങളെ നിങ്ങളുടെ തൊഴുത്തില്‍ കെട്ടിക്കാനുള്ള ശ്രമമാണെങ്കില്‍ അത് നടക്കില്ല എന്നത് ഓര്‍മിപ്പിക്കുന്നു. വീണ്ടും ഓര്‍മ്മപ്പെടുത്തട്ടെ ഒരു രാത്രി ഇരുള്‍ മൂടി കെടുക്കുന്നത് കൊണ്ടൊന്നും ലോകം അവസാനിക്കില്ല. പ്രഭാതം വരിക തന്നെ ചെയ്യും…പ്രതിസന്ധിയില്‍ പിന്തുണച്ചവരെ ജീവിതകാലം മറക്കില്ല, കാലുവാരിയവരെയും.

ജാസ്മിന്‍ഷാ
ദേശീയ പ്രസിഡന്റ്
യു എന്‍ എ

- Advertisement -