ദേശീയ ഗാനത്തെക്കുറിച്ചുള്ള രസകരമായ ഈ വസ്തുതകള്‍ അറിയാമോ?

0

സ്‌കൂളില്‍ പഠിക്കുമ്പോള്‍ അന്നത്തെ ദിവസത്തിന്റെ പഠനഭാരം തീരുമ്പോളുള്ള ആശ്വാസഗാനമായാണ് പലരും ദേശീയ ഗാനത്തെ കണ്ടിരുന്നത്. കാരണം അതു കഴിഞ്ഞാല്‍ വീട്ടിലേക്ക് പോകാമല്ലോ. ആ കാലഘട്ടത്തിനു ശേഷം പിന്നീട് എപ്പോഴെങ്കിലും ഔദ്യോഗിക ചടങ്ങുകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന ഒന്ന് മാത്രമായി പലരുടേയും ജീവിതത്തില്‍ ദേശീയഗാനം മാറുന്നു. നിങ്ങള്‍ക്കറിയാത്ത ഒത്തിരിയേറെ കൗതുകമുണര്‍ത്തുന്നതും അറിവു പകരുന്നതുമായ കാര്യങ്ങള്‍ ദേശീയഗാനത്തിനു പിന്നിലുണ്ട്. അതെന്തൊക്കെയാണെന്നു നോക്കാം…

1911ല്‍ ഇന്ത്യ സന്ദര്‍ശിച്ച ജോര്‍ജ് നാലാമന്‍ രാജാവിനെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് രബീന്ദ്രനാഥ ടാഗോര്‍ ജനഗണമന രചിച്ചതെന്ന തെറ്റായ വാദം പ്രചരിപ്പിക്കുണ്ട്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് 1939 മാര്‍ച്ച് പത്തൊമ്പതിന് ടാഗോര്‍ കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്. ജോര്‍ജ് നാലാമനെയോ, അഞ്ചാമനെയോ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ജനഗണമന രചിച്ചതെന്ന അടിസ്ഥാനരഹിതമായ ആരോപണത്തോട് പ്രതികരിച്ചില്ലെങ്കില്‍, അത് തന്നോട് തന്നെ ചെയ്യുന്ന അവഹേളനമായിരിക്കുമെന്നാണ് ടാഗോര്‍ അന്ന് പറഞ്ഞത്.

ലോകത്തെ ഏറ്റവും മികച്ച ദേശീയഗാനമായി ജനഗണമനയെ യുണെസ്‌കോ തെരഞ്ഞെടുത്തതായി പ്രചരിച്ച സന്ദേശം വ്യാജമാണ്. വാട്ട്‌സ്ആപ്പ്, സോഷ്യല്‍മീഡിയ എന്നിവ വഴിയാണ് തെറ്റായ ഈ സന്ദേശം പ്രചരിച്ചത്. പിന്നീട്, യുണെസ്‌കോ തന്നെ ഇക്കാര്യം നിരാകരിച്ചു രംഗത്തെത്തി.

ജനഗണമനയുടെ ഇംഗ്ലീഷ് തര്‍ജ്ജമയുടെ സംഗീതം ചിട്ടപ്പെടുത്തിയത് പ്രശസ്ത കവിയായ ജെയിംസ് എച്ച് കസിണ്‍സിന്റെ ഭാര്യ മാര്‍ഗരറ്റാണ്.

ദേശീയഗാനം ആലപിക്കുമ്പോള്‍ ഏഴുന്നേറ്റുനില്‍ക്കുന്നവരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ചുകൊണ്ട് അത് ആലപിക്കുന്നതിന് ഇപ്പോഴും നിയമമില്ല. ദേശീയഗാനം ആലപിക്കുമ്പോള്‍, എഴുന്നേല്‍ക്കുന്നവരെല്ലാം അത് ആലപിക്കാതിരുന്നാലും രാജ്യത്തോടും ദേശീയഗാനത്തോടുമുള്ള അവഹേളനമായി കണക്കാക്കില്ല.

ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ച രബീന്ദ്രാഥ ടാഗോര്‍ തന്നെയാണ് ബംഗ്ലാദേശിന്റെ ദേശീയഗാന അമര്‍ ഷോണര്‍ ബംഗ്ലാ രചിച്ചത്.

ദേശീയഗാനത്തിലെ സിന്ധ് എന്ന വാക്ക് മാറ്റി പകരം കശ്മീര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ട് 2005ല്‍ വന്‍തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. 2015 ജൂലൈ 15ന് രാജസ്ഥാന്‍ ഗവര്‍ണറായിരുന്ന കല്യാണ്‍ സിങ്, ദേശീയഗാനത്തിലെ അധിനായക എന്ന വാക്ക് മാറ്റി, മംഗള്‍ എന്നാക്കണമെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

ഔപചാരികാവസരങ്ങളില്‍ ദേശീയഗാനം ആലപിക്കാന്‍ 52 സെക്കന്റാണ് എടുക്കുന്നത്. ഔദ്യോഗികമായി നിശ്ചയിച്ചിട്ടുള്ള രീതിയില്‍ ദേശീയഗാനം ആലപിക്കണമെന്നും ആലാപനവേളയില്‍ അതിനു സാക്ഷ്യം വഹിക്കുന്നവരെല്ലാം ദേശത്തോടുളള ആദരസൂചകമായി എഴുന്നേറ്റു നില്‍ക്കണമെന്നും വ്യവസ്ഥയുണ്ട്.

സ്വാതന്ത്ര്യദിനം, റിപ്പബ്ളിക് ദിനം എന്നിവ ആഘോഷിക്കുമ്പോഴും മറ്റ് ഔദ്യോഗിക ചടങ്ങുകളുടെ ആരംഭത്തിലും ചില നിശ്ചിത ചടങ്ങുകളുടെ അന്ത്യത്തിലും ദേശീയഗാനം ആലപിക്കണമെന്നു ചട്ടമുണ്ട്.

സിവിലും സൈനികവുമായ അധികാരാരോഹണ സമയത്ത് ദേശീയഗാനം ആലപിക്കണം.

പ്രസിഡന്റ് അല്ലെങ്കില്‍ ഗവര്‍ണറോ ലഫ്. ഗവര്‍ണറോ അതത് സംസ്ഥാനങ്ങളിലോ അധികാര പരിധിയിലോ ഔപചാരികമായി നാഷണല്‍ സല്യൂട്ട് സ്വീകരിക്കുമ്പോള്‍ ദേശീയ ഗാനം ആലപിക്കണം.

സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിലോ പങ്കെടുക്കുന്ന അവസരത്തില്‍ അല്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടികളിലോ അല്ലെങ്കില്‍ പൊതുപരിപാടികളിലോ പ്രസിഡന്റ് എത്തിച്ചേരുമ്പോഴും ദേശീയഗാനം ആലപിക്കണം.

ആള്‍ ഇന്ത്യ റേഡിയോയിലൂടെ പ്രസിഡന്റ് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ദേശീയഗാനം ആലപിക്കണം.

ഗവര്‍ണറോ ലഫ്റ്റനന്റ് ഗവര്‍ണറോ അദ്ദേഹത്തിന്റെ അധികാര പരിധിയില്‍ വരുന്ന സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളില്‍ ഔദ്യോഗിക പരിപാടിയില്‍ എത്തുമ്പോഴും അത്തരരം പരിപാടികളില്‍ നിന്നും അദ്ദേഹം പിരിഞ്ഞുപോകുമ്പോഴും ദേശീയഗാനം ആലപിക്കണം.

പരേഡില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ ദേശീയഗാനം ആലപിക്കണം. റെജിമെന്റല്‍ നിറങ്ങള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ദേശീയഗാനം ആലപിക്കണം. നാവികസേന നിറങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ദേശീയഗാനം ആലപിക്കണം.

വിദേശ ഭരണാധികാരികള്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോഴുള്ള ചടങ്ങുകളിലും വിദേശരാജ്യങ്ങളില്‍ വച്ച് ഇന്ത്യന്‍ ഭരണാധികാരികള്‍ ഔദ്യോഗികമായി പങ്കെടുക്കുന്ന ചടങ്ങുകളിലും ബന്ധപ്പെട്ട രണ്ടു രാജ്യത്തിന്റെയും ദേശീയഗാനങ്ങള്‍ ആലപിക്കണമെന്നാണ് വ്യവസ്ഥ.

ഇതുകൂടാതെ ചില അവസരങ്ങളില്‍ ആലപിക്കുന്നതിനായി ദേശീയഗാനത്തിന്റെ ലഘുരൂപവുമുണ്ട്.
ജന-ഗണ-മന-അധിനായക ജയ ഹേ
ഭാരത-ഭാഗ്യ-വിധാതാ
ജയ ഹേ, ജയ ഹേ, ജയ ഹേ,
ജയ ജയ ജയ ജയ ഹേ.
20 സെക്കന്‍ഡുകൊണ്ടാണ് ദേശീയഗാനത്തിന്റെ ലഘുരൂപം ആലപിക്കേണ്ടത്.

സവിശേഷ സാഹചര്യചങ്ങളിലല്ലാതെ സാധാരണഗതിയില്‍ പ്രധാനമന്ത്രിക്കുവേണ്ടി ദേശീയ ഗാനം ആലപിക്കാന്‍ പാടില്ല.

ദേശീയ ഗാനം ആലപിക്കാനുള്ള അവസരങ്ങളുടെ സമഗ്രമായ ഒരു ലിസ്റ്റ് നല്‍കുക എന്നത് സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. എന്നാല്‍ മാതൃരാജ്യത്തെ ആദരിക്കുന്നതിന് ബഹുമാന സൂചകമായി ദേശീയ ഗാനം കൂട്ടായി ആലപിക്കുന്നതിന് തടസ്സങ്ങളില്ല. പക്ഷേ അതില്‍ ശരിയായ ഔചിത്യം പാലിക്കേണ്ടതുണ്ടെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നുണ്ട്.

- Advertisement -