‘വായു’ ഗുജറാത്തിലേക്കടുക്കുന്നു; 10000 പേരെ മാറ്റിപ്പാര്‍പ്പിച്ചു

0

അറബിക്കടലില്‍ രൂപം കൊണ്ട വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കടുക്കുന്നു. ഗുജറാത്തില്‍ വായു അതിശക്തമായി വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടും. പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവടങ്ങളിലാണ് വായു വീശിയടിക്കുക. ഇതേതുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്നും 10,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

കര- നാവിക- തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചിട്ടുണ്ട്. വ്യോമസേനയുടെ സി-17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 700 സൈനികരെ വിന്യസിച്ചതിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്.

60 ലക്ഷം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ മണിക്കൂറില്‍ 130 കിലോ മീറ്ററാണ് കാറ്റിന്റെ വേഗത.

- Advertisement -