വൈറസ് ജൂണ്‍ 7 റിലീസ്

0

സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഭീതി പടര്‍ത്തിയ നിപ വൈറസ് ബാധയെ ആധാരമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രം വൈറസ്, ജൂണ്‍ 7 നു തന്നെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍. കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് റിലീസ് മാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നത്.

പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിനായി വന്‍താരനിരയാണ് അണിനിരന്നത്. ആഷിഖ് അബുവിന്റേയും റിമയുടേയും ഉടമസ്ഥതയിലുള്ള ബാനറായ ഒപിഎം ആണ് നിപ അതിജീവനത്തിന്റെ കഥപറയുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയത് മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു ഇവര്‍ മൂവരും ചേര്‍ന്നാണ്. രാജീവ് രവിയാണ് സിനിമയുടെ ഛായാഗ്രാഹകന്‍. റിമ കല്ലിങ്കല്‍, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, രേവതി, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, രമ്യ നമ്പീശന്‍, പാര്‍വതി, സൗബിന്‍ ഷാഹിര്‍, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച മുതല്‍ സിനിമയുടെ പ്രമോഷന്‍ നിര്‍ത്തിവെച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെയാണ് റിലീസിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായത്. റിലീസ് മാറ്റുന്നില്ലെന്നും നേരത്തെ അറിയിച്ചത് പോലെ ജൂണ്‍ 7ന് തന്നെ ചിത്രമെത്തുമെന്നുള്ള വിവരങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. വൈറസ് സിനിമയുടെ ഒഫീഷ്യല്‍ പേജിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

സിനിമയുടെ ട്രയിലര്‍ കാണാം…

- Advertisement -