• ശനി. സെപ് 14th, 2024

ബാറ്റ് ചെയ്യും, ബോൾ ചെയ്യും, വേണേൽ വിക്കറ്റ് കീപ്പറുമാവും; ഇവനാണ് യഥാർഥ ഓൾറൗണ്ടറെന്ന് രാജസ്ഥാൻ റോയൽസ്!

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ റണ്ണേഴ്സ് അപ്പായ രാജസ്ഥാൻ റോയൽസ് (Rajasthan Royals) ഇക്കുറി കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. ആദ്യ സീസണിൽ ഷെയിൻ വോണിന്റെ നേതൃത്വത്തിൽ കപ്പടിച്ച ടീം പിന്നീട് ഫൈനലിലെത്താൻ സഞ്ജു സാംസൺ (Sanju Samson) ക്യാപ്റ്റൻ ആവുന്നത് വരെ കാത്തിരിക്കേണ്ടി വന്നു. മികച്ച ബാലൻസിങ് ആയ ഒരു ടീം തന്നെയാണ് 2023 ഐപിഎല്ലിൽ രാജസ്ഥാന് വേണ്ടി ഇറങ്ങാൻ പോകുന്നത്. ടീമിൽ ചില സർപ്രൈസുകൾക്ക് പോലും സാധ്യതയുണ്ടെന്നാണ് മുന്നൊരുക്കങ്ങളിൽ നിന്ന് വ്യക്തമാവുന്നത്.

നായകനായ സഞ്ജു സാംസൺ ഇത്തവണ ടീമിൻറെ വിക്കറ്റ് കീപ്പിംഗ് സ്ഥാനം മറ്റൊരു താരത്തിന് കൈമാറുമോ? സഞ്ജുവിന് പുറമെ ഇംഗ്ലീഷ് നായകൻ ജോസ് ബട്ട്ലറും വിക്കറ്റ് കീപ്പറാവാൻ പറ്റുന്നയാളാണ്. എന്നാൽ ഇതൊന്നുമല്ലാതെ മറ്റൊരാളുണ്ടോ. ഇത്തരമൊരു ചർച്ച സോഷ്യൽ മീഡിയയിൽ കാര്യമായി നടക്കുന്നുണ്ട്. ഇപ്പോൾ രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിൽ ആ കളിക്കാരന്റെ വിക്കറ്റ് കീപ്പിംഗ് വീഡിയോ കൂടി പങ്കുവെച്ചിരിക്കുകയാണ്.

ഗുവാഹത്തി ടി 20 പ്രീമിയർ ലീഗിൽ 64 പന്തിൽ നിന്ന് 148 റൺസ് അടിച്ച് പരാഗ് ഈയടുത്ത് ഞെട്ടിച്ചിരുന്നു. 17 സിക്സറുകളാണ് താരം മത്സരത്തിൽ പരത്തിയത്. ഐപിഎല്ലിന് മുമ്പ് രാജസ്ഥാന്റെ ആത്മവിശ്വാസം കാര്യമായി ഉയർത്തുന്നതാണ് റിയൻ പരാഗിന്റെ ഈ പ്രകടനം. താരത്തിന്റെ ഈ വെടിക്കെട്ട് ബാറ്റിങ്ങിന്റെ വീഡിയോയും നേരത്തെ രാജസ്ഥാൻ പങ്കുവെച്ചിരുന്നു. അവൻ വ്യത്യസ്തനായ കളിക്കാരനാണ് എന്ന ക്യാപ്ഷൻ നൽകിയാണ് വീഡിയോ ഷെയർ ചെയ്തിരുന്നത്. ഇപ്പോൾ അതുക്കും മേലെ എല്ലാം ചെയ്യുന്ന കളിക്കാരനായി പരാഗ് മാറുകയാണ്.

ബാറ്റിംഗും ബോളിങും മാത്രമല്ല വിക്കറ്റ് കീപ്പിംഗും തനിക്ക് വഴങ്ങുമെന്ന് താരം തെളിയിക്കുകയാണ്. ഗുവാഹത്തി പ്രീമിയർ ലീഗിൽ പരാഗ് കീപ്പ് ചെയ്യുന്നതിന്റെ വീഡിയോയാണ് രാജസ്ഥാൻ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ സീസണിൽ മധ്യനിരയിൽ ബാറ്റിംഗിന് ഇറങ്ങിയിരുന്ന പരാഗിനെ ചിലപ്പോൾ ഒക്കെ ഫിനിഷറുടെ റോളിലും രാജസ്ഥാൻ പരീക്ഷിച്ചിരുന്നു. പാർട്ട് ടൈം ബൗളറായും പരാഗിനെ ഉപയോഗപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വേണമെങ്കിൽ സഞ്ജുവിന് പകരക്കാരനായി ഒരു കൈ നോക്കാമെന്ന അവസ്ഥയിലാണ് പരാഗ്. ടീം മാനേജ്മെൻറും ഇതിന് പിന്തുണ നൽകുമോ എന്നത് കാത്തിരുന്നു കാണാം.

പരാഗ് രാജസ്ഥാന്‍ റോയല്‍സ് ഫീല്‍ഡിംഗ് കോച്ച് ദിശാന്ത് യാഗ്‌നിക്കിനൊപ്പം വിക്കറ്റ് കീപ്പറായി പരിശീലിക്കുന്നതിന്റെ വീഡിയോയും നേരത്തെ പുറത്ത് വന്നിരുന്നു. ഈ വീഡിയോയും ആരാധക‍ർ ആഘോഷമാക്കിയിട്ടുണ്ട്. എംഎസ് ധോണിയെ അനുകരിക്കുന്ന പോലെയാണ് പരാഗ് കീപ്പ് ചെയ്തത്. ധോണിയെ പോലെ കുനിഞ്ഞ് പരാഗ് അതേ ശൈലിയില്‍ പന്ത് സ്വീകരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. ഏതായാലും പരാഗ് ഈ ഫോമിൽ തുടർന്നാൽ ടീമിന് അത് മുതൽക്കൂട്ടാവുെമെന്ന് ഉറപ്പാണ്.