• ശനി. സെപ് 14th, 2024

ദേശീയപാത വികസനം: ഭീമൻ ഫ്ലൈഓവ‍ർ നിർമാണം തുടങ്ങുന്നു, ആലപ്പുഴയിൽ 32 അണ്ടർപാസ്; റോഡ് മുറിച്ചുകടക്കാൻ 34 പാലങ്ങളും

Byഐശ്വര്യ

മാര്‍ 3, 2023

ആറുവരിയായി 45 മീറ്ററിൽ നിർമിക്കുന്ന ദേശീയപാതയുടെ ഭാഗമായി ഏറ്റവുമധികം നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ജില്ലകളിലൊന്നാണ് ആലപ്പുഴ. രാജ്യത്തെ തന്നെ ഏറ്റവും നീളമേറിയ ഫ്ലൈഓവറും ഇവിടെ ഉയരും.

ചേർത്തല: ആലപ്പുഴ ജില്ലയിൽ ദേശീയപാത 66ൻ്റെ നിർമാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഭൂമിയേറ്റെടുപ്പ് ഏറെക്കുറെ പൂർത്തിയായതോടെ പലയിടത്തും ഭൂമി നിരപ്പാക്കുന്നതിൻ്റെയും ഇരുവശത്തുമുള്ള ഓടകളുടെയും നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. 45 മീറ്റർ വീതിയിൽ ഇരുവശത്തും സർവീസ് റോഡുകളുള്ള ആറുവരിപ്പാതയാണ് നിർമിക്കുന്നത്. ഇതോടൊപ്പം അരൂർ മുതൽ തുറവൂർ വരെ നിർമിക്കുന്ന ഫ്ലൈഓവറിൻ്റെ ടെസ്റ്റ് പൈലിങും ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ ഏറ്റവും വലിയ ഫ്ലൈഓവറാണ് ആലപ്പുഴ ജില്ലയിൽ ഉയരുന്നത്.
ഉയരപ്പാതയുടെ നിർമാണത്തിനു മുന്നോടിയായി മുന്നൂറിലധികം കേന്ദ്രങ്ങളിൽ നിന്ന് മണ്ണ് ശേഖരിച്ച് ഡൽഹിയിലെ സ്വകാര്യ ലാബിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പാതയിലെ മൂന്നാമത്തെ ടെസ്റ്റ് പൈലിങ് തുറവൂരിനു സമീപം കോടംതുരുത്തിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെ പാലത്തിൻ്റെ തൂണുകൾ നിർമിക്കാൻ മീഡിയൻ മറച്ചുകെട്ടി പൈലിങ് തുടങ്ങും. മഹാരാഷ്ട്രയിലെ അശോക് ബിൽഡ്കോൺ എന്ന കമ്പനിയ്ക്കാണ് ഇവിടെ നിർമാണച്ചുമതല. നിലവിലെ റോഡിൻ്റെ മീഡിയനിൽ നിർമിക്കുന്ന വലിയ കോൺക്രീറ്റ് തൂണുകളിലാണ് ഉയരപ്പാത നിർമിക്കുക. ഇതടക്കം 81 കിലോമീറ്റർ നീളത്തിൽ ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ മൂന്ന് ഫ്ലൈഓവറുകളാണ് ഉണ്ടാകുക.

കൂടാതെ പ്രധാന ജംഗ്ഷനുകളിലടക്കം 10 മേൽപ്പാലങ്ങൾ, ഏഴ് ചെറിയ പാലങ്ങൾ, 32 അടിപ്പാതകൾ എന്നിവയുമുണ്ടാകും. ഇവയിൽ പലതിൻ്റെയും പൈലിങ് അടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസിൽ നിർമിക്കുന്ന സമാന്തര പാലത്തിനു പുറമെ ചേപ്പാടും ഉയരപ്പാത നിർമിക്കുന്നുണ്ട്. ഹരിപ്പാട്, നങ്ങ്യാർകുളങ്ങര മേഖലകളിലാണ് നാലു മേൽപ്പാലങ്ങൾ നിർമിക്കുന്നത്.

കായംകുളം കെഎസ്ആർടിസി ജംഗ്ഷൻ, തോട്ടപ്പള്ളിയിൽ തീരദേശറോഡ് തുടങ്ങുന്ന ജംഗ്ഷൻ എന്നിവിടങ്ങളിൽ 22.9 മീറ്റർ നീളമുള്ള അടിപ്പാതകൾ നിർമിക്കും. ചെറുവാഹനങ്ങൾക്ക് കടന്നുപോകാനുള്ള 8.5 മീറ്റർ നീളമുള്ള അടിപ്പാതകൾ വേറെയുമുണ്ട്. ഇതിനു പുറമെ 13.4 മീറ്റർ നീളമുള്ള ലൈറ്റ് വെഹിക്കിൾ അണ്ടർപാസുകളുമുണ്ട്. അടിയിലൂടെ കടന്നുപോകുന്ന റോഡിൻ്റെ വീതിയും വാഹനത്തിരക്കും അനുസരിച്ചായിരിക്കും ഇവയുടെ നീളം തീരുമാനിക്കുക.

പാതയ്ക്ക് ഇരുവശത്തുമുള്ള സർവീസ് റോഡുകളുടെ ഓരത്തായി ഓടകളും കേബിളുകൾ സ്ഥാപിക്കാനുള്ള പ്രത്യേക ഡക്ടും ഉണ്ടാകും. 40 ഇടത്താണ് ജില്ലയിൽ സർവീസ് റോഡിൽ നിന്ന് പ്രധാന റോഡുകളിലേയ്ക്ക് പ്രവേശിക്കാൻ 40 ഇടത്താണ് സൗകര്യമുണ്ടാകുക. പറവൂ‍ർ മുതൽ കൊറ്റുകുളങ്ങര വരെയുള്ള ഭാഗത്ത് 22 ഇടത്തും തുറവൂർ – പറവൂർ മേഖലയിൽ 18 ഇടത്തുമാണ് എൻട്രി പോയിൻ്റുകൾ ഉണ്ടാകുക. അരൂർ – തുറവൂർ ഭാഗത്ത് നിലവിലെ പാതയ്ക്ക് മുകളിലൂടെയാണ് ഉയരപ്പാത കടന്നുപോകക. പ്രധാന പാതയിൽ നിന്ന് ഉയരപ്പാത തുടങ്ങുന്നിടത്തും അവസാനിക്കുന്നിടത്തും റാമ്പുകളുണ്ടാകും.

കൃഷ്ണപുരം, കായംകുളം കെഎസ്ആ‍ർടിസി, ഡാണാപ്പടി, കന്നുകാലിപ്പാടം, തോട്ടപ്പള്ളി കനാൽപ്പാലം, തോട്ടപ്പള്ളി സ്പിൽവേ, എഎസ് കനാൽ, പുത്തൻതോട്, പൊന്നാംവെളി എന്നിവടങ്ങളിലാണ് പാലങ്ങൾ നി‍ർമിക്കുക.

പത്മാക്ഷി ജംഗ്ഷൻ, വയലാർ, കാർത്യായനി, എഎസ് കനാൽ, 11-ാം മൈൽ, കണിച്ചുകുളങ്ങര, കോൾഗേറ്റ് ജംഗ്ഷൻ, ചെറിയ കലവൂ‍ർ, കെഎസ്ഡിപി, പൂങ്കാവ് എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നി‍ർമിക്കുന്നത്. കൂടാതെ ആലപ്പുഴ ബൈപ്പാസ് തുടങ്ങുന്ന കൊമ്മാടിയിലും ബൈപ്പാസ് ഇറങ്ങുന്ന കളർകോട്ടും മാളികമുക്കിൽ രണ്ടിടത്തും അണ്ടർപാസുകളുണ്ടാകും. കുതിരപ്പന്തി, പുന്നപ്ര മാർക്കറ്റ് ജംഗ്ഷൻ, കുറവന്തോട്, വണ്ടാനം മെഡിക്കൽ കോളേജ്, വളഞ്ഞവഴി, അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി സ്പിൽവേ, തോട്ടപ്പള്ളി കനാൽപാലത്തിന് കിഴക്കുവശം, വഴിയമ്പലം ജംഗ്ഷൻ,കടുവൻകുളങ്ങര, ഡാണആപ്പടി, ചേപ്പാട് എൻടിപിസി റോഡ്, രാമപുരം സുനിത തീയേറ്ററിനടുത്ത്, പുത്തൻ റോഡ് ജംഗ്ഷൻ, കൃഷ്ണപുരം എന്നിവടങ്ങളിലും അടിപ്പാതകളുണ്ടാകും.

ഇവയ്ക്കു പുറമെ കാൽനട യാത്രക്കാർക്ക് റോഡ് മുറിച്ചുകടക്കാനായി 34 ഫുട്ഓവർ ബ്രിജുകളും ദേശീയപാത അതോരിറ്റി നിർമിക്കും. 1.75 മീറ്റർ വീതിയിലുള്ള നടപ്പാലങ്ങൾ സ്റ്റീൽ ഉപയോഗിച്ചാണ് നിർമിക്കുക. ആളുകൾ റോഡ് മുറിച്ചുകടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി ഇവിടെയാണ് നിർമാണം നടത്തുക.