• വെള്ളി. മേയ് 3rd, 2024

ജി20 ഉച്ചകോടിക്ക് അലങ്കരിക്കാൻ എക്സ്പ്രസ് വേയിൽ വച്ച പൂച്ചെടി പൂച്ചട്ടിയോടെ അടിച്ചുമാറ്റി; ഒരാൾ അറസ്റ്റിൽ

Byഐശ്വര്യ

മാര്‍ 1, 2023

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്ക് വഴി അലങ്കരിക്കുന്നതിന്റെ ഭാഗമായി എക്സ്പ്രസ് വേയിൽ വച്ചിരുന്ന പൂച്ചെടി ചട്ടിയടക്കം മോഷ്ടിച്ചു. സംഭവത്തിൽ ഒരാളെ അറസ്റ്റ്ചെയ്തു. മോഷണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തിരിക്കുന്നത്.

കറുത്ത കിയാ കാർണിവൽ കാറിൽ എത്തിയ രണ്ട് പേരാണ് മോഷണം നടത്തുന്നതെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്. വിഐപി ലൈസൻസ് പ്ലേറ്റുള്ള വാഹനത്തിൽ എത്തിയ മധ്യവയസ്കരായ രണ്ട് പേർ കാറിന്റെ ഡിക്കി തുറന്ന് ചെടിച്ചട്ടി സഹിതം അകത്തേക്ക് വയ്ക്കുന്നതും വീഡിയോയിൽ കാണാം.

മാധ്യമപ്രവർത്തകനായ രാജ് വർമ്മയാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. കിയ കാർണിവൽ കാറിൽ എത്തിയ ആളുകൾ പട്ടാപകൽ ചെടിച്ചട്ടികൾ മോഷ്ടിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് രാജ് ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. പത്തോളം ചട്ടികളാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.

വൈറൽ ട്വീറ്റിന് പിന്നാലെ കമ്മീഷണർ നിശാന്ത് കുമാർ യാദവിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്. മോഷണത്തിനും പൊതുമുതൽ നശിപ്പിച്ചതിനും ഇവർക്കെതിരെ കേസെടുക്കണമെന്ന് സമൂഹമാധ്യമങ്ങളിൽ നിന്നും ശക്തമായ ആവശ്യങ്ങൾ ഉയർന്നിരുന്നു. ഗാന്ധിനഗർ സ്വദേശിയായ മൻമോഹനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിക്കായി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇയാളുടെ പക്കൽ നിന്നും മോഷ്ടിക്കപ്പെട്ട ചെടിച്ചട്ടികളും കടത്താൻ ഉപയോഗിച്ച കാറും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മൻമോഹന്റെ ഭാര്യയുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മാർച്ച് ഒന്ന് മുതൽ നാല് വരെ നടക്കുന്ന ജീ20 മീറ്റിങ്ങുകൾക്ക് വേണ്ടി നിരവധി ചെടിച്ചട്ടികളും മറ്റുമാണ് ഒരുക്കിയിരിക്കുന്നത്.