• വ്യാഴം. മേയ് 2nd, 2024

അടുത്ത ദിവസങ്ങളില്‍ വീണ്ടുമൊരു ഭൂമികുലുക്കം ഉണ്ടാവുമെന്ന് പ്രവചനം; വസ്തുതാ വിരുദ്ധമെന്ന് ഖത്തര്‍ ശാസ്ത്രജ്ഞന്‍

Byലയ ഫ്രാൻസിസ്

മാര്‍ 7, 2023

തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് പ്രവചിച്ചിരുന്നു എന്നതാണ് ഡച്ച് ഭൂകമ്പ

ദോഹ: വരും ദിവസങ്ങളില്‍ ലോകം മറ്റൊരു സുപ്രധാന ഭൂകമ്പത്തിന് സാക്ഷിയായേക്കുമെന്ന ഡച്ച് ഭൂകമ്പ ശാസ്ത്രജ്ഞന്‍റെ പുതിയ മുന്നറിയിപ്പാണ് മിഡിലീസ്റ്റ് രാജ്യങ്ങളിലെ പ്രധാന ചര്‍ച്ച. തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിന്‍റെ അലയൊലികള്‍ അവസാനിക്കുന്നതിന് മുമ്പ് മറ്റൊന്നു കൂടി ഉണ്ടാകുമോ എന്ന ആശങ്കയിലാണ് മിഡിലീസ്റ്റ് രാജ്യങ്ങളിലുള്ളവര്‍ പ്രത്യേകിച്ചും. കഴിഞ്ഞ മാസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങള്‍ പ്രവചിച്ച ഡച്ച് ഭൂകമ്പ ശാസ്ത്രജ്ഞന്‍ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സാണ് മാര്‍ച്ചില്‍ ഒരു ഭൂകമ്പം കൂടി സംഭവിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ പുതിയ പ്രവചനവും വലിയ ആഗോള തലക്കെട്ടുകളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണിപ്പോള്‍.

മാര്‍ച്ച് ആദ്യ വാരത്തില്‍ വീണ്ടും ഭൂകമ്പമെന്ന് പ്രവചനം

ആകാശഗോളങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള തന്‍റെ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഡച്ച് ശാസ്ത്രജ്ഞന്‍റെ പുതിയ പ്രവചനം. ഇക്കാര്യത്തില്‍ മാര്‍ച്ച് ആദ്യവാരം വളരെ നിര്‍ണായകമായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡച്ച് ശാസ്ത്രജ്ഞന്‍റെ ഈ പ്രവചനത്തില്‍ കഴമ്പില്ലെന്നാണ് ഖത്തറിലെ പ്രമുഖ ശാസ്ത്രജ്ഞന്‍റെ വിലയിരുത്തല്‍. ഈ പ്രവചനങ്ങള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഖത്തറിലെ നാച്ചുറല്‍ ഹസാര്‍ഡ് എന്‍വയോണ്‍മെന്‍റെ ആന്‍ഡ് എനര്‍ജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രോഗ്രാം ഡയറക്ടറും പ്ലാനറ്ററി സയന്‍റിസ്റ്റുമായ ഡോ. എസ്സാം ഹെഗ്ഗി അടിവരയിട്ട് പറയുന്നു. ദോഹ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്.

ഭൂകമ്പ സമയം നിര്‍വചിക്കാന്‍ ശാസ്ത്രീയ വഴികളില്ല

‘നെതര്‍ലന്‍ഡില്‍ നിന്നുള്ള ഈ മാന്യന്‍ ചെയ്യുന്നത് ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ നിങ്ങളോട് പറയാന്‍ കഴിയും,- ഹെഗ്ഗി പറഞ്ഞു. ഗ്രഹങ്ങളുടെ വിന്യാസം നിരീക്ഷിച്ച് നിങ്ങള്‍ക്ക് ഭൂകമ്പങ്ങള്‍ പ്രവചിക്കാനോ ഏതെങ്കിലും രീതിയിലൂടെ പ്രത്യേക സമയത്ത് ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പ്രവചിക്കാനോ കഴിയില്ല. ഭൂകമ്പത്തിന്‍റെ വ്യാപ്തി മാത്രമേ നമുക്ക് ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. അവ എവിടെയാണ് സംഭവിക്കാന്‍ സാധ്യതയുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിയുമെങ്കിലും അവ സംഭവിക്കുന്ന സമയം പ്രവചിക്കാന്‍ കഴിയില്ലെന്നും ഡോ. എസ്സാം ഹെഗ്ഗി വിശദീകരിച്ചു.

മുന്‍ പ്രവചനം ശരിയായത് യാദൃശ്ചികത മാത്രം

ഈ ഡച്ച് ശാസ്ത്രജ്ഞന്‍ നേരത്തേയും ഭൂകമ്പ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെങ്കിലും അത് മുഴുവന്‍ ശരിയായിട്ടില്ല. തുര്‍ക്കി ഭൂകമ്പത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവചനം ശരിയായി എന്നത് സത്യമാണെങ്കിലും അത് യാദൃശ്ചികത മാത്രമായാണ് താന്‍ കാണുന്നതെന്നും അതില്‍ വലിയ കാര്യമില്ലെന്നും ഹെഗ്ഗി പറയുന്നു. ഏതെങ്കിലും തരത്തിലുള്ള ഭൂകമ്പ പ്രവചനങ്ങള്‍ നടത്തുന്നതിന് മോഡലിംഗ് ആവശ്യമാണ്. അതിന് നിരന്തരമായ നിരീക്ഷണങ്ങള്‍ ആവശ്യമാണ്. ദീര്‍ഘകാലത്തെ ഭൂകമ്പ ചരിത്രത്തെ കുറിച്ചുള്ള അഗാധമായ നിരീക്ഷണങ്ങളുടെ ഒരു ശൃംഖല ഇതിന് ആവശ്യമാണ്. എന്നാല്‍ അതൊന്നും ഇല്ലാത്ത ഒരാളെക്കുറിച്ചാണ് ലോകം ഇപ്പോള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പടിഞ്ഞാറിനോടുള്ള അമിത വിധേയത്വം പാടില്ല

‘അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ക്ക് ഇവിടെ മിഡില്‍ ഈസ്റ്റില്‍ വലിയ സ്വീകാര്യതയുണ്ട് എന്നത് ശരിയാണ്. വലിയ അംഗീകാരമാണ് അത്തരക്കാര്‍ക്ക് ഇവിടെ ലഭിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള എന്തും വിശ്വസനീയമായി കാണുന്ന തെറ്റായ മാനസികാവസ്ഥയാണ് ഇതിനു കാരണം’- ഹെഗ്ഗി ദോഹ ന്യൂസിനോട് പറഞ്ഞു. അത് ശരിയല്ല. സമാനമായ പ്രസ്താവനകളോ പ്രവചനങ്ങളോ ഏതെങ്കിലുമൊ ഈജിപ്ഷ്യന്‍, യെമനി, ലിബിയന്‍ ശാസ്ത്രജ്ഞനാണ് നടത്തിയിരുന്നതെങ്കില്‍ ഇവിടെയുള്ള ആരും അത് ശ്രദ്ധിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശാസ്ത്ര പഠനത്തിന്‍റെ കാര്യത്തില്‍ മേഖലയുടെ പിന്നാക്കാവസ്ഥയാണ് ഇത്തരമൊരു മാനസികാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.